തിരുവനന്തപുരം : പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതി ബിന്ദുവിന്റെ പരാതിയില്‍ കേസെടുത്തു.ബിന്ദുവിനെതിരെ പരാതി നല്‍കിയ ഓമന ഡാനിയേല്‍ മകള്‍ നിഷ കസ്റ്റഡിയില്‍ എടുത്ത എസ് ഐ പ്രസാദ്, എ എസ് ഐ പ്രസന്നന്‍ എന്നിവരെ പ്രതിചേര്‍ത്താണ് കേസെടുത്തത്.
വ്യാജ പരാതിയില്‍ കേസെടുക്കാന്‍ എസ് സി, എസ് ടി കമ്മീഷന്‍ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ബിന്ദു നല്‍കിയ പരാതിയില്‍ പേരൂര്‍ക്കട പൊലീസാണ് കേസെടുത്തത്.
ബിന്ദു പരാതി നല്‍കിയതിനെ തുടര്‍ന്ന് പേരൂര്‍ക്കട സ്റ്റേഷനിലെ എസ്എച്ച്ഒയെ സ്ഥലംമാറ്റിയിരുന്നു. സ്വര്‍ണ മാല മോഷ്ടിച്ചെന്നാരോപിച്ച് ജോലിക്ക് നിന്ന വീട്ടിലെ ഉടമ നല്‍കിയ പരാതിയിലാണ് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചത്.
20 മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തി. കുടിവെള്ളം പോലും നല്‍കിയില്ലെന്നും കുറ്റം സമ്മതിച്ചില്ലെങ്കില്‍ കുടുംബത്തെ മുഴുവന്‍ അകത്താകുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയതായി ബിന്ദു വ്യക്തമാക്കിയിരുന്നു. പെണ്‍മക്കളെ രണ്ട് പേരെയും കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പലപ്രാവശ്യം തല്ലാന്‍ കൈ ഓങ്ങിയിരുന്നുവെന്നും ബിന്ദു പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: