മലപ്പുറം : പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ പാലക്കാട് തച്ചനാട്ടുകര സ്വദേശിനി നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സിലാണ് 39 കാരിയെ മെഡിക്കല്‍ കോളജിലെത്തിച്ചത്.യുവതിയുടെ ആരോഗ്യ നില ഗുരുതരം.
യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്ന 99പേരില്‍ പത്തു വയസുളള കുട്ടിയെ നേരിയ പനിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സ്രവം പരിശോധനയ്‌ക്ക് അയച്ചു. തച്ചനാട്ടുകര കരിമ്പുഴ പഞ്ചായത്തുകളിലെ കണ്ടെയ്‌ന്മെന്റ് സോണുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ ആകെ 425 പേരുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മലപ്പുറത്ത് ചികിത്സയിലുള്ള അഞ്ചുപേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
ഇടയ്‌ക്കിടെ സംസ്ഥാനത്ത് നിപ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതയോടൊപ്പം ഉറവിടം കണ്ടെത്താനുള്ള ശ്രമവും ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കി.
















