ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13000 കോടി രൂപ വായ്‌പയെടുത്ത ശേഷം തിരിച്ചടയ്‌ക്കാതെ മുങ്ങിയ വന്‍ വജ്രവ്യാപാരിയായ നീരവ് മോദിയുടെ സഹോദരനെ യുഎസില്‍ വെച്ച് പിടികൂടിയിരിക്കുകയാണ് ഇഡി-സിബിഐ സംഘം. ഇന്ത്യയില്‍ നിന്നും കോടികളുടെ അഴിമതിപ്പണവും വാരിയെടുത്ത് യുഎസിലേക്കോ യുകെയിലേക്കോ മുങ്ങുക എന്നത് വന്‍ ബിസിനസുകാരുടെ സ്ഥിരം കലാപരിപാടി ഇനി നടപ്പില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍.
നീരവ് മോദിയുടെ ഇളയ സഹോദരനായ നേഹല്‍ മോദിയെ ജൂലായ് അഞ്ചിന് യുഎസില്‍ വെച്ച് ഇഡി-സിബിഐ സംഘം പിടികൂടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 13000 കോടി തട്ടിച്ച കേസില്‍ നേഹല്‍ മോദിയെ ചോദ്യം ചെയ്യാനായി ഇന്ത്യയ്‌ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ കേന്ദ്രസര്‍ക്കാര്‍ യുഎസ് കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് നേഹല്‍ മോദിയുടെ അറസ്റ്റ് നടന്നിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളുടെ പേരിലാണ് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മന്‍ഹാട്ടനിലെ ഒരു ഡയമണ്ട് കമ്പനിയില്‍ നിന്നും 26 ലക്ഷം ഡോളര്‍ വിലയുള്ള വജ്രക്കല്ലുകള്‍ വാങ്ങി തട്ടിപ്പ് നടത്തിഎന്ന കുറ്റകൃത്യത്തിന്റെ പേരിലാണ് നേഹല്‍ മോദിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ഡയമണ്ട് കമ്പനിയെ തട്ടിച്ച മറ്റൊരു കേസും ഇയാള്‍ക്കെതിരെ ഉണ്ട്.
13000 കോടി പഞ്ചാബ് നാഷണല്‍ ബാങ്കിനെ തട്ടിച്ചതില്‍ നേഹല്‍ മോദി കൂട്ടുപ്രതി
നീരവ് മോദിയാണ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും ബിസിനസിനായി 13000 കോടി വായ്‌പയെടുത്തത്. പക്ഷെ നീരവ് മോദിയ്‌ക്കായി ലോകമെമ്പാടും കടലാസ് കമ്പനികള്‍ തുറന്ന് കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചത് നേഹല്‍ മോദിയാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പണം തട്ടിച്ചതില്‍ കൂട്ടുപ്രതിയാണ് നേഹല്‍ മോദി. വിദേശ അക്കൗണ്ടുകളിലേക്ക് പണം അയച്ച ശേഷം അതിനുള്ള തെളിവുകള്‍ നശിപ്പിച്ചിരുന്നത് നേഹല്‍ മോദിയാണ്. രഹസ്യമായ വാര്‍ത്താവിനിമയത്തിനുള്ള സെര്‍വറുകള്‍ വരെ നശിപ്പിച്ചു.
















