കെർവില്ലെ: യുഎസ് സംസ്ഥാനമായ ടെക്സസിലെ ഹിൽ കൺട്രി മേഖലയിൽ കനത്ത മഴ നാശം വിതച്ചു. മഴയെ തുടർന്ന് ഗ്വാഡലൂപ്പ് നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 13 പേർ മരിച്ചു. കൂടാതെ പ്രദേശത്തെ പെൺകുട്ടികളുടെ വേനൽക്കാല ക്യാമ്പിലുണ്ടായിരുന്ന 20 ലധികം പെൺകുട്ടികളെയും കാണാതായി.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഈ മാസങ്ങളിൽ പെയ്യാത്തത്ര മഴ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കഴിഞ്ഞ ദിവസം പെയ്തുവെന്നാണ്. ഇതാണ് നദിയിലും വെള്ളം വലിയ രീതിയിൽ ഉണ്ടാകാനുള്ള കാരണം. അതേ സമയം ശക്തമായ ഒഴുക്കിൽ കുടുങ്ങിയ ആളുകളെ ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
കെർവില്ലെ കൗണ്ടിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ 10 ഇഞ്ചിലധികം മഴ പെയ്തതിനാൽ നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുകയായിരുന്നു. ദേശീയ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഹണ്ടിനടുത്തുള്ള ഗ്വാഡലൂപ്പ് നദിയിലെ ജലനിരപ്പ് വെറും 2 മണിക്കൂറിനുള്ളിൽ 22 അടി ഉയർന്നു.
അതേ സമയം നിരവധി പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ അവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കൗണ്ടി ജഡ്ജി റോബ് കെല്ലി പറഞ്ഞു. ഇതിനു പുറമെ ഹണ്ടിലെ ക്രിസ്ത്യൻ പെൺകുട്ടികളുടെ വേനൽക്കാല ക്യാമ്പായ ക്യാമ്പ് മിസ്റ്റികും വെള്ളപ്പൊക്കത്തിൽ മുങ്ങി. ക്യാമ്പിലെ 23 പെൺകുട്ടികളെ ഇപ്പോഴും കാണാനില്ലെന്ന് ലെഫ്റ്റനന്റ് ഗവർണർ ഡാൻ പാട്രിക് പറഞ്ഞു. പെൺകുട്ടികളുടെ സുരക്ഷയ്‌ക്കായി പ്രാർത്ഥിക്കാൻ അദ്ദേഹം ടെക്സസിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.
അതേ സമയം കണ്ടെത്തിയ കുട്ടികളുടെ കുടുംബങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് ക്യാമ്പ് അധികൃതർ അറിയിച്ചു. എന്നിരുന്നാലും ക്യാമ്പിലെ വൈദ്യുതി, വൈ-ഫൈ, ജലവിതരണം എന്നിവ നഷ്ടപ്പെട്ടു. ഇങ്ങോട്ടെയ്‌ക്കുള്ള റോഡും ഒലിച്ചുപോയി. മറ്റ് രണ്ട് ക്യാമ്പുകളായ ക്യാമ്പ് വാൾഡെമർ, ക്യാമ്പ് ലാ ജുന്ത എന്നിവർ തങ്ങളുടെ എല്ലാ കുട്ടികളും ജീവനക്കാരും സുരക്ഷിതരാണെന്ന് ഇൻസ്റ്റാഗ്രാമിൽ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: