പോർട്ട് ഓഫ് സ്പെയിൻ : പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രിനിഡാഡ് ആൻഡ് ടൊബാഗോ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഈ അഭിമാനകരമായ റെഡ് ഹൗസിൽ സംസാരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിനിടെ പറഞ്ഞു.
ഈ മഹത്തായ രാഷ്‌ട്രത്തിലെ ജനങ്ങൾ രണ്ട് ശ്രദ്ധേയരായ വനിതാ നേതാക്കളെ തിരഞ്ഞെടുത്തു, രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും. അവർ അഭിമാനത്തോടെ ഇന്ത്യൻ പ്രവാസികളുടെ പുത്രിമാർ എന്ന് സ്വയം വിളിക്കുന്നു. അവർ തങ്ങളുടെ ഇന്ത്യൻ പൈതൃകത്തിൽ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
നമ്മൾ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ജനാധിപത്യം വെറുമൊരു രാഷ്‌ട്രീയ മാതൃകയല്ല, മറിച്ച് നമുക്ക് ഒരു ജീവിതരീതിയാണ്. ഈ പാർലമെന്റിൽ പോലും ഇന്ത്യൻ സംസ്ഥാനമായ ബീഹാറിൽ നിന്നുള്ള പൂർവ്വിക പരമ്പരകളായ ചില അംഗങ്ങളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
180 വർഷങ്ങൾക്ക് മുമ്പ് കടൽ കടന്നുള്ള ദീർഘവും ദുഷ്‌കരവുമായ യാത്രയ്‌ക്ക് ശേഷമാണ് ആദ്യത്തെ ഇന്ത്യക്കാർ ഈ മണ്ണിൽ എത്തിയത്. ഇന്ത്യൻ ഈണങ്ങൾ കരീബിയൻ താളങ്ങളുമായി മനോഹരമായി ഇഴുകിച്ചേർന്നു. രാഷ്‌ട്രീയം മുതൽ കവിത വരെ, ക്രിക്കറ്റ് മുതൽ വാണിജ്യം വരെ അവർ എല്ലാ മേഖലകളിലും സംഭാവന ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഈ സഭയിൽ ഇത്രയധികം വനിതാ അംഗങ്ങളെ കാണുന്നതിൽ തനിക്ക് വളരെ സന്തോഷമുണ്ട്. സ്ത്രീകളോടുള്ള ബഹുമാനം ഇന്ത്യൻ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയതാണ്. നമ്മുടെ പ്രധാനപ്പെട്ട പുണ്യഗ്രന്ഥങ്ങളിലൊന്നായ സ്കന്ദപുരാണം പറയുന്നത് ഒരു മകൾ പത്ത് ആൺമക്കളെപ്പോലെ സന്തോഷം നൽകുന്നു എന്നാണ്. നമ്മുടെ ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഞങ്ങൾ സ്ത്രീകളുടെ കൈകളെ ശക്തിപ്പെടുത്തുകയാണ്. ബഹിരാകാശം മുതൽ കായികം വരെ, സ്റ്റാർട്ടപ്പുകൾ മുതൽ ശാസ്ത്രം വരെ, വിദ്യാഭ്യാസം മുതൽ സംരംഭം വരെ, വ്യോമയാനം മുതൽ സായുധ സേന വരെ അവർ ഇന്ത്യയെ വിവിധ മേഖലകളിൽ പുതിയൊരു ഭാവിയിലേക്ക് കൊണ്ടുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പുറമെ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിന്റെ ഏറ്റവും കടുത്ത ആരാധകരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: