ധാക്ക: ബംഗ്ലാദേശിലെ ഹബിഗഞ്ചിൽ വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി പ്രായപൂർത്തിയാകാത്ത ഹിന്ദു യുവാവിനെ കുത്തിക്കൊന്നു. ഇയാളുടെ സഹോദരനെ ഗുരുതര പരിക്കുകളോടെ ഹബിഗഞ്ച് സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോണി ദാസ് എന്ന 16 വയസ്സുള്ള കുട്ടിയാണ് മരിച്ചത്. നെഞ്ചിൽ ഗുരുതരമായി പരിക്കേറ്റ ജോണി ദാസിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
വീട്ടിൽ അതിക്രമിച്ചു കയറിയ ആയുധധാരിയെ ചെറുക്കുന്നതിനിടെയാണ് ജോണി ദാസിനും സഹോദരൻ സാഗർ ദാസ് ജോണിയ്‌ക്കും പരിക്കേൽക്കുന്നത്. മൽപ്പിടിത്തത്തിനിടെ അക്രമി ജോണിയെ പലതവണ കുത്തുകയായിരുന്നു. തുടർന്ന് അക്രമി ഓടി രക്ഷപ്പെടുകയും ചെയ്തു. അടുത്തിടെ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (എസ്‌എസ്‌സി) പരീക്ഷ എഴുതിയ ആളായിരുന്നു ജോണി ദാസ്.
കവർച്ചാശ്രമമാണ് അക്രമത്തിന് പിന്നിലെന്നാണ് ഹബിഗഞ്ച് പോലീസ് സ്റ്റേഷൻ ഒസി സജൽ സർക്കാർ പറയുന്നത്. അക്രമിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ധാക്കയിലെ ഖിൽകെറ്റ് പരിസരത്തുള്ള ശ്രീ ശ്രീ ദുർഗ്ഗാ മന്ദിർ പൊളിച്ചുമാറ്റുന്നതിനെക്കുറിച്ചായിരുന്നു ജോണി ദാസിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ്. ജൂൺ 26നായിരുന്നു ഇത് പോസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: