പ്രേം നസീര്‍ മരിച്ചത് മനസ് വിഷമിച്ചാണെന്ന് ടിനി ടോം. സിനിമയും സ്റ്റാര്‍ഡവും നഷ്ടപ്പെട്ട പ്രേം നസീര്‍ അവസാന കാലത്ത് ദിവസവും ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്ന് കരയുമായിരുന്നുവെന്നാണ് ടിനി ടോം പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടിനി ടോമിന്റെ പ്രസ്താവന. താരത്തിന്റെ വാക്കുകള്‍ ആരാധകരില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടുകയാണ്.
”നസീര്‍ സാര്‍ മനസ് വിഷമിച്ചാണ് മരിച്ചതെന്നാണ് പറയുന്നത്. കാരണം അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം പോയി. എല്ലാ ദിവസവും കാലത്ത് മേക്കപ്പ് ഇട്ട് ഇറങ്ങും. പക്ഷെ സിനിമയില്ല. ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്നു കരയും. അങ്ങനെ മനസ് വിഷമിച്ചാണ് മരിച്ചതെന്നാണ് പറയുന്നത്.” എന്നാണ് ടിനി ടോമിന്റെ പ്രസ്താവന. സിനിമയുടെ അസ്ഥിര സ്വാഭാവത്തെകുറിച്ച് സംസാരിക്കുകയായിരുന്നു ടിനി ടോം.
”രാജേഷ് ഖന്നയ്‌ക്ക് അഞ്ച് വര്‍ഷം തുടര്‍ച്ചയായി ഹിറ്റുകളുണ്ടായിരുന്നു. സൂപ്പര്‍ സ്റ്റാറായിരുന്നു. അദ്ദേഹം പിന്നെ ഔട്ട് ആയി. സറ്റാര്‍ഡം പോയി, സിനിമ ഇല്ലാതായി. മരുമകന്‍ അക്ഷയ് കുമാര്‍ അഞ്ച് സഹായികളെ വച്ചു കൊടുത്തു. സ്റ്റാര്‍ഡം പോയെങ്കിലും ആ ആംബിയന്‍സ് കൊടുക്കാന്‍” എന്നും ടിനി പറയുന്നുണ്ട്. നമ്മള്‍ നാളെ ഇവിടെ ഉണ്ടാകണം എന്നില്ല. നാളെ ചിലപ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയോ ചായ കൊടുക്കാന്‍ വരികയോ ചെയ്യേണ്ടി വരും. അതിനും തയ്യാറാകണമെന്നാണ് ടിനി പറയുന്നത്.
”ഏഴ് വര്‍ഷം അമ്മയില്‍ നിന്നപ്പോള്‍ കണ്ടതാണ്. എനിക്ക് തന്നെ ട്രോമയായി. ടിപി മാധവന്‍ എന്നൊരു നടന്‍ ഈയ്യടുത്ത് മരിച്ചു. അനാഥനായിട്ടാണ് മരിച്ചത്. മകന്‍ അവസാന നിമിഷമാണ് വന്നത്. അദ്ദേഹം ജീവിച്ചിരുന്നത് എറണാകുളത്തെ ക്ലബുകളിലാണ്. ആഢംബര ജീവിതമായിരുന്നു. ഒടുവില്‍ ഒറ്റപ്പെട്ട്, അനാഥനായി, അനാഥാലയത്തില്‍ വച്ചാണ് മരിക്കുന്നത്. റീത്ത് വെക്കാന്‍ ചെല്ലുമ്പോള്‍ ബന്ധുക്കള്‍ ആരുമില്ല” എന്നും താരം പറയുന്നു.
നല്ല നടനും ബിസിനസുകാരനും രാഷ്‌ട്രീയക്കാരനും ആയിട്ട് കാര്യമില്ല. നല്ല മനുഷ്യനായി ജീവിക്കാന്‍ ശ്രമിക്കണമെന്നാണ് ടിനി പറയുന്നത്. അതാണ് ഏഴ് വര്‍ഷം അമ്മയുടെ എക്‌സിക്യൂട്ടീവില്‍ നിന്നപ്പോള്‍ താന്‍ പഠിച്ചതെന്നും താരം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: