പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിന് പിന്നാലെ ആരോഗ്യ മേഖലയിലെ അനാസ്ഥ ചൂണ്ടി കാണിച്ച് സിപിഎം നേതാക്കൾ തന്നെ രംഗത്തെത്തിയത് പാർട്ടിക്ക് തലവേദനയായി. പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിമർശനം നടത്തിയ നേതാക്കൾക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.
ഫേസ്ബുക്ക് പോസ്റ്റുകൾ വിശദമായി പരിശോധിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. മുൻ സിഡബ്ലുസി ചെയർമാൻ എൻ രാജീവ്, ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം പി.ജെ ജോൺസൺ എന്നിവരായിരുന്നു ഫേസ്ബുക്കിലൂടെ പരസ്യമായി മന്ത്രിക്കെതിരെ വിമർശനം ഉയർത്തിയത്. മന്ത്രി അല്ല വീണയ്‌ക്ക് എംഎൽഎ പോലും ആകാൻ അർഹതയില്ലെന്നായിരുന്നു ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം പിജെ ജോൺസന്റെ പോസ്റ്റ്.
മന്ത്രി പോയിട്ട് എംഎൽഎ ആയി ഇരിക്കാൻ പോലും അർഹതയില്ലെന്നും, കൂടുതൽ പറയുന്നില്ല, പറയിപ്പിക്കരുത് എന്നാണ് ജോൺസൺ ഫേസ്ബുക്കിൽ കുറിച്ചത്. കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് അപകടമുണ്ടായതിന് മന്ത്രി നടത്തിയ പ്രതികരണങ്ങളാണ് സിപിഎം പ്രവർത്തകരയെടക്കം പ്രകോപിപ്പിച്ചത്. ഇതോടെ സിപിഎമ്മുകാർ സൈബർ ലോകത്ത് പരസ്യമായും രഹസ്യമായും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. ഇതിനിടെയാണ് മന്ത്രി വീണാജോർജ്ജിനെ പേരെടുത്ത് പറഞ്ഞ് ലോക്കൽ കമ്മിറ്റി അംഗം രൂക്ഷമായി വിമർശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: