പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് സ്ത്രീ മരിച്ചതിന് പിന്നാലെ മന്ത്രി വീണാ ജോർജിനെതിരെ സിപിഎം പ്രാദേശിക നേതാക്കൾ. വീണാ ജോർജിന് എംഎൽഎ ആയി ഇരിക്കാൻ പോലും അർഹതയില്ലെന്ന് പത്തനംതിട്ട ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ പി ജെ ഫേസ്ബുക്കിൽ കുറിച്ചു. എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോൺസൺ.
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് അപകടമുണ്ടായതിന് മന്ത്രി നടത്തിയ പ്രതികരണങ്ങളാണ് സിപിഎം പ്രവർത്തകരയെടക്കം പ്രകോപിപ്പിച്ചത്. ഇതോടെ സിപിഎമ്മുകാർ സൈബർ ലോകത്ത് പരസ്യമായും രഹസ്യമായും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. ഇതിനിടെയാണ് മന്ത്രി വീണാജോർജ്ജിനെ പേരെടുത്ത് പറഞ്ഞ് ലോക്കൽ കമ്മിറ്റി അംഗം രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.
ഇതിനിടെ വീണാ ജോർജിനെ പരോക്ഷമായി പരിഹസിച്ച് സിപിഎം ഏരിയ കമ്മറ്റി അംഗവും രഗത്തെത്തി. പത്തനംതിട്ട സി.ഡബ്ല്യു.സി മുൻ ചെയർമാൻ അഡ്വ: എൻ രാജീവാണ് ആരോഗ്യമന്ത്രിയെ പരിഹസിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ‘കുട്ടിയായിരിക്കെ താൻ ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവ് പറഞ്ഞു വീട്ടിൽ ഇരിക്കുമായിരുന്നു, അങ്ങനെ താൻ പരീക്ഷകളിൽ നിന്നും രക്ഷപ്പെട്ടു, ഇവിടെ ചോദ്യങ്ങളിൽ നിന്നും’ എന്നാണ് രാജീവൻറെ പരിഹാസം. മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ ചികിത്സ തേടിയതിനെയാണ് സിപിഎം ഇരവിപേരൂർ ഏരിയ കമ്മറ്റി അംഗം കൂടിയായ രാജീവ പരിഹസിക്കുന്നത്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്ത് പോകുന്നതിനിടെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതിനിടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണ് രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീ മരിച്ച സംഭവത്തിൽ കെട്ടിടം ഉപയോഗിക്കുന്നില്ലെന്ന മന്ത്രിമാരുടെ വാദം തെറ്റാണെന്ന വിവരമാണ് പുറത്തുവരുന്നത്. മന്ത്രിമാരായ വീണ ജോർജിന്റെയും വാസവന്റെയും വാദം പൊളിച്ചുകൊണ്ടാണ് രോഗികളുടെ പ്രതികരണം. ഉപയോഗ ശൂന്യമെന്ന് ആരോഗ്യമന്ത്രി പറഞ്ഞ കെട്ടിടം ഉപയോഗിച്ചിരുന്നു എന്ന് രോഗികൾ സാക്ഷ്യപ്പെടുത്തുന്നു. അപകടത്തെ ലഘൂകരിച്ചുകൊണ്ടായിരുന്നു മന്ത്രിമാരുടെ പ്രതികരണം. രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദമാണെന്ന ആക്ഷേപവുമുയരുന്നുണ്ട്.
അതേസമയം, കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ തിരച്ചിൽ വൈകിച്ചതിന്റെ ഉത്തരവാദിത്വം മെഡിക്കൽ സൂപ്രണ്ട് ജയകുമാർ ഏറ്റെടുത്തു. കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ ആരുമില്ലെന്ന് താൻ മന്ത്രിമാർക്ക് വിവരം നൽകിയെന്നും സംഭവസ്ഥലത്ത് എത്തിയപ്പോൾ കിട്ടിയ പ്രാഥമിക വിവരം മാത്രമാണ് മന്ത്രിമാർക്ക് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.ഈ കെട്ടിടത്തിലെ എല്ലാ സേവനങ്ങളും നിർത്തിവെക്കുക സാധ്യമായിരുന്നില്ല.
ആശുപത്രി കെട്ടിടം ശൗചാലയം ഉപയോഗിക്കുന്നതിനായും മറ്റും ആളുകൾ ഉപയോഗിച്ചിരുന്നു. ഇടയ്‌ക്ക് പൂട്ടിയിട്ടുവെങ്കിലും രോഗികളുടെ എണ്ണം വർധിച്ചതോടെ വീണ്ടും തുറന്നുകൊടുത്തിരുന്നു എന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കെട്ടിടത്തിൽനിന്നും ആളുകളെ പൂർണമായും മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയായിരുന്നു എന്നും സൂപ്രണ്ട് പറയുന്നു. അപകടത്തിന് പിന്നാലെതന്നെ, ഏകദേശം 10 മിനിറ്റിനുള്ളിൽ രണ്ടുനിലകളിലായി ഉണ്ടായിരുന്ന നൂറോളം രോഗികളെ അവിടെനിന്നും മാറ്റാനായി എന്നും മൊത്തം 330 രോഗികളെ പുതിയ ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ട് എന്നും ആശുപത്രി അധികൃതർ പറയുന്നു.
















