കോട്ടയം: അപകടം നടന്ന സമയത്ത് സംഭവ സ്ഥലത്തെത്തിയ മന്ത്രിമാരായ വീണാ ജോര്‍ജും വി.എന്‍. വാസവനും ഉപയോഗശൂന്യമായ കെട്ടിടമാണിതെന്ന് ഒരേസ്വരത്തിലാണ് പറയുന്നത്. എന്നാല്‍ കാലപ്പഴക്കം ചെന്നതും ഉപയോഗശൂന്യമായതുമായ കെട്ടിടം എന്തുകൊണ്ട് പൊളിച്ചു മാറ്റിയില്ലെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
നിത്യേന ആയിരക്കണക്കിന് പേര്‍ വന്നുപോകുന്ന സ്ഥലമാണിത്. മെഡിക്കല്‍ കോളജിന്റെ പ്രധാനഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നതും. മാത്രമല്ല ഇൗ കെട്ടിടത്തില്‍ രോഗികളെ കിടത്താറുണ്ട്. ഇവിടുത്തെ ശുചിമുറികള്‍ രോഗികളും കൂട്ടിരിപ്പുകാരും ഉപയോഗിക്കുന്നുമുണ്ട്. കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന് 2013ല്‍ കണ്ടെത്തിയതാണ്.
അറുപത്തഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടമാണ് ഇന്നലെ ഇടിഞ്ഞുവീണത്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും പല ഭാഗത്തും കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണിട്ടുണ്ടെന്നും കാണിച്ച് ജന്മഭൂമി അടക്കമുള്ള മാധ്യമങ്ങള്‍ പലതവണ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇതു ചെവിക്കൊള്ളാനോ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനോ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ഈ കെട്ടിടം പൊളിച്ചുമാറ്റുവാന്‍ ഇടയ്‌ക്ക് ആലോചന ഉണ്ടായിരുന്നുവെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് പിന്നീട് ഒഴിവാക്കുകയായിരുന്നു.
1960 കാലത്ത് കോട്ടയം മെഡി. കോളജിനായി നിര്‍മിച്ച ആദ്യ കെട്ടിടങ്ങളില്‍ ഒന്നാണിത്. 1962 ഡിസം. 3ന് അന്നത്തെ മുഖ്യമന്ത്രി ആര്‍. ശങ്കറും, ആരോഗ്യ മന്ത്രി എം. പി. ഗോവിന്ദന്‍ നായരും ചേര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനം നടത്തിയത്.
















