കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജ് ദുരന്തത്തില്‍ മന്ത്രിമാരായ വീണ ജോര്‍ജും വി. എന്‍ വാസവനും രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചുവെന്നും കുറ്റബോധം ഉണ്ടെങ്കില്‍ അവര്‍ സ്ഥാനം രാജിവെക്കണമെന്നും ബിജെപി.വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി ലിജിന്‍ലാല്‍ പറഞ്ഞു.
ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥയുടെയും അഴിമതിയുടെയും ഏറ്റവും പുതിയ ഉദാഹരണമാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിട തകര്‍ച്ചയിലൂടെയും രോഗിയുടെ മരണത്തിലൂടെയും പുറത്തുവന്നിരിക്കുന്നതെന്ന് അദ്‌ദേഹം ആരോപിച്ചു. ആശുപത്രി വളപ്പിലെ കെട്ടിടം തകര്‍ന്നു രോഗി മരിക്കുന്ന സാഹചര്യമുണ്ടായത് സംസ്ഥാനത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. രണ്ടരമണിക്കൂറോളം കുടുങ്ങിക്കിടന്നശേഷമാണ് തലയോലപ്പറമ്പ് സ്വദേശിനി മരിക്കുന്നത്.
ആയിരം കോടി രൂപയിലധികം രൂപ ആരോഗ്യരംഗത്ത് മുടക്കി എന്ന് മന്ത്രിയുടെ അവകാശവാദത്തിനിടെയാണ് മൂന്നു വാര്‍ഡുകളുടെ ഭാഗമായ ഒരു ഭാഗം തകര്‍ന്നു വീഴുന്നത്. അപകടത്തില്‍ രോഗികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആരും കുടുങ്ങിക്കിടപ്പില്ലെന്ന മന്ത്രിമാരായ വീണ ജോര്‍ജിന്റെയും വി. എന്‍ വാസവന്റെയും പ്രസ്താവനയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം വൈകുന്നതിനിടയായി. മന്ത്രിമാര്‍ ഈ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ ന തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു ജീവനായി പിടയുകയായിരുന്നു. മൂന്ന് മണിക്കൂറിനു ശേഷമാണ് കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്ന ബിന്ദുവിനെ പുറത്തെടുത്തത്. ദുരന്ത സ്ഥലത്തെത്തിയ മന്ത്രിമാര്‍ സംഭവത്തെ അങ്ങേയറ്റം നിസ്സാരവല്‍ക്കരിക്കുകയാണ് തുടക്കം മുതല്‍ ചെയ്തത്. ആ സമീപനമാണ് പാവപ്പെട്ട വീട്ടമ്മയുടെ മരണത്തിലേക്ക് നയിച്ചത്. നിരുത്തരവാദപരമായ സമീപനം എടുത്ത മന്ത്രിമാര്‍ക്ക് കുറ്റബോധം ഉണ്ടെങ്കില്‍ തല്‍സ്ഥാനം രാജിവെക്കണമെന്ന് ലിജിന്‍ലാല്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: