കോട്ടയം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം ഇന്ന് ഉണ്ടായിരിക്കെ മേയ് 24-ന് ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ നല്‍കിയ മുന്നറിയിപ്പ് കത്ത് പുറത്തുവന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് അയച്ച കത്തില്‍ അപകടം സംഭവിച്ച പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തനം പാടില്ലെന്നാണ് നിര്‍ദേശിച്ചിട്ടുളളത്.
ബലക്ഷയമുള്ള പഴയ കെട്ടിടത്തില്‍ നിന്നും രോഗികളെ, പുതുതായി പണിത സര്‍ജിക്കല്‍ ബ്ലോക്കിലേക്ക് മാറ്റണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.പുതിയ കെട്ടിടത്തില്‍ ആവശ്യമായ ഉപകരണങ്ങള്‍ ലഭിക്കുന്നതുവരെ പഴയ ബ്ലോക്കിലെ ഉപകരണങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാമെന്നും കത്തില്‍ പറയുന്നു.
നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ച് പഴയ കെട്ടിടം തുടര്‍ന്നും ഉപയോഗിച്ചതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന വിമര്‍ശനങ്ങളാണ് ഉയരുന്നത്.മെഡിക്കല്‍ കോളേജ് അധികൃതരുടെ അനാസ്ഥയാണ് കത്തിലൂടെ വ്യക്തമാകുന്നത്.
അതിനിടെ കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് പുതുതായി പണിതീര്‍ത്ത സര്‍ജിക്കല്‍ ബ്ലോക്കിലേക്ക് പൂര്‍ണമായും മാറുന്ന പ്രക്രിയ നടന്നു വരവെയാണ് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ നിലവിലെ 11,14,10 വാര്‍ഡുകളോട് ചേര്‍ന്നുള്ള ടോയ്ലറ്റ് കോംപ്ലക്സ് ഇടിഞ്ഞുവീണതെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ് പറഞ്ഞു.
ഈ കോംപ്ലക്‌സിന്റെ 11, 14 വാര്‍ഡുകളില്‍ നിന്നുള്ള പ്രവേശനം പൂര്‍ണമായും നിരോധിച്ചിട്ടുള്ളതും നിലവില്‍ ഉപയോഗത്തിലില്ലാത്തതുമാണെന്നുമാണ് ഡോ. വര്‍ഗീസ് പി. പുന്നൂസ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: