ന്യൂദൽഹി : ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യ തങ്ങളുടെ സൈനിക ശക്തി കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണിപ്പോൾ . അടുത്ത നാല് വർഷത്തിനുള്ളിൽ, അതായത് 2029 ഓടെ, ഇന്ത്യ 52 പ്രത്യേക പ്രതിരോധ ഉപഗ്രഹങ്ങളെയാണ് ബഹിരാകാശത്തേക്ക് അയയ്‌ക്കുക. ഈ ഉപഗ്രഹങ്ങളെല്ലാം ചൈനയ്‌ക്കും, പാകിസ്ഥാനും സമീപമുള്ള ഇന്ത്യയുടെ അതിർത്തിയിൽ പ്രത്യേക നിരീക്ഷണം നടത്താൻ സജ്ജമാക്കിയതാണ് . ഈ ഉപഗ്രഹങ്ങളെല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
ഈ ദൗത്യം മുഴുവനും പ്രതിരോധ ബഹിരാകാശ ഏജൻസിയുടെ കീഴിലാണ് നടത്തുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാകാര്യ മന്ത്രിസഭാ സമിതി ഇതിനായി 26,968 കോടി രൂപ അംഗീകരിച്ചിരുന്നു. ഈ പദ്ധതി പ്രകാരം, ഐഎസ്ആർഒ 21 ഉപഗ്രഹങ്ങൾ നിർമ്മിച്ച് വിക്ഷേപിക്കും . മൂന്ന് ഇന്ത്യൻ സ്വകാര്യ കമ്പനികൾ 31 ഉപഗ്രഹങ്ങൾ നിർമ്മിക്കും.
ഈ ഉപഗ്രഹങ്ങളെ താഴ്ന്ന ഭൂമി ഭ്രമണപഥത്തിലും ഭൂസ്ഥിര ഭ്രമണപഥത്തിലും വിന്യസിക്കും. ആദ്യത്തെ ഉപഗ്രഹം 2026 ഏപ്രിലിൽ വിക്ഷേപിക്കും. ചൈനയിലെയും പാകിസ്ഥാനിലെയും കഴിയുന്നത്ര പ്രദേശങ്ങൾ നിരീക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇത് ഇന്ത്യൻ മഹാസമുദ്ര മേഖലയെയും നിരീക്ഷിക്കും. ഈ ഉപഗ്രഹങ്ങളെല്ലാം ബഹിരാകാശത്ത് ഇന്ത്യയുടെ ചാരകണ്ണുകളായി പ്രവർത്തിക്കുകയും അവിടെ നിന്ന് സന്ദേശങ്ങളും ചിത്രങ്ങളും അയയ്‌ക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: