Kerala

മുസ്ലിം സമുദായത്തില്‍ നിന്ന് പുറത്തുപോയ കുടുംബത്തിന് ഊരുവിലക്ക്; നഖ്ഷബന്ദീയ ത്വരീഖത്തിൻ്റേത് അലിഖിത നിയമങ്ങൾ

Published by

മലപ്പുറം: മാനുഷിക ചൂഷണത്തിന്റെ പേരില്‍ സമുദായത്തില്‍ നിന്നു പുറത്തുപോയ കുടുംബത്തിന് ഊരുവിലക്ക്. ഇസ്ലാമിക സംഘടന നഖ്ഷബന്ദീയ ത്വരീഖത്താണ് കിഴിശേരി സ്വദേശി ലുബ്‌നയെയും സഹോദരി ഷിബിലയെയും ലുബ്‌നയുടെ ഭര്‍ത്താവ് സി.എ. റിയാസിനെയും ഊരുവിലക്കിയത്. സ്വന്തം വീട്ടില്‍ പോലും കയറാനാകാത്ത അവസ്ഥയിലാണ് ഈ കുടുംബം.

മലബാര്‍ കേന്ദ്രീകരിച്ചുള്ള സംഘടനയ്‌ക്കുള്ളിലെ മനുഷ്യാവകാശ ലംഘനങ്ങളും അലിഖിത നിയമങ്ങളും അനീതികളും മനസിലാക്കി സമുദായത്തില്‍ നിന്നു പുറത്തുപോയതോടെയാണ് ഇവര്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ സ്വന്തം രക്ഷിതാക്കളെ കാണാനോ ബന്ധപ്പെടാനോ കഴിയാതെ നാട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ട ഗതികേടിലായി. മൂന്നു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസം ഉമ്മയെ കാണാന്‍ മലപ്പുറം കിഴിശേരിയിലെ വീട്ടിലെത്തിയ ലുബ്‌നയെയും സഹോദരിയെയും ഒരുസംഘം ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസെത്തിയാണ് ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്. ഇതുസംബന്ധിച്ച് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലും മലപ്പുറം എസ്പിക്കും ഇവര്‍ പരാതി നല്കി.

-->

മക്കളുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ പേരില്‍ ഉമ്മയെ സംഘടനയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് കിഴിശേരിയിലെ മുഖ്യന്റെ വീടിന്റെ മുന്നില്‍ വെയിലത്ത് നിര്‍ത്തി ശിക്ഷിച്ചാണ് നടപടി പിന്‍വലിച്ച് തിരിച്ചെടുത്തതെന്ന് ഷിബില പറഞ്ഞു.

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി മൂവായിരത്തോളം കുടുംബങ്ങള്‍ നഖ്ഷബന്ദീയ ത്വരീഖത്തില്‍ അംഗങ്ങളായുണ്ട്. പ്രവാചക പരമ്പരയിലെ 37-ാമത് ഖലീഫയെന്ന് അവകാശപ്പെടുന്ന ഷാഹുല്‍ ഹമീദാണ് ഗുരു. മതപരമായ കടുത്ത നിയന്ത്രണങ്ങളാണ് സംഘടനാംഗങ്ങള്‍ക്കുള്ളത്. നിയമം പാലിച്ചില്ലെങ്കില്‍ സംഘടനയില്‍ നിന്ന് പുറത്താക്കും. സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. വിവാഹം കഴിഞ്ഞവരേ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാവൂ.

മുസ്ലിങ്ങളിലെ തന്നെ മറ്റു സമുദായത്തില്‍ നിന്നു പോലും വിവാഹം കഴിക്കാന്‍ പാടില്ല. സമുദായത്തില്‍ നിന്ന് പുറത്തുപോയവരുമായി ആര്‍ക്കും ബന്ധപ്പെടാന്‍ അനുവാദമില്ല. ഭാര്യാഭര്‍ത്താക്കന്മാരാണെങ്കിലും ബന്ധം അവസാനിപ്പിക്കണം. വാഹനങ്ങള്‍ വാങ്ങുന്നതിനും വീട് വയ്‌ക്കുന്നതിനും വിവാഹം ചെയ്യുന്നതിനും ഗുരുവിന്റെ അനുമതി വേണം. ആഴ്ചയില്‍ ദര്‍ഗയിലെ മതപഠന ക്ലാസില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. അതുകൊണ്ടുതന്നെ പഠനത്തിനോ, ജോലിക്കോ ദൂരെ സ്ഥലങ്ങളില്‍ പോകാന്‍ പാടില്ല. തുടര്‍ച്ചയായി രണ്ട് ക്ലാസ് മുടങ്ങിയാല്‍ പുറത്താക്കും.

തെരഞ്ഞെടുപ്പില്‍ ഗുരു പറയുന്ന ആള്‍ക്ക് വോട്ട് ചെയ്യണം. മദ്യപിക്കുന്നതിനും പുകവലിക്കുന്നതിനും ഹെല്‍മറ്റ് വയ്‌ക്കാത്തതിനും പിഴ ഈടാക്കും. സമാന്തര സര്‍ക്കാരായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക