തിരുവനന്തപുരം : ഗവര്‍ണറെ അപമാനിച്ചെന്ന് കാട്ടി രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍കുമാറിനെ സസ്പന്‍ഡ് ചെയ്ത നടപടി അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ വി സിക്ക് അധികാരമില്ലെന്നാണ് വാദം.ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് മുകളിലുള്ളവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിന്‍ഡിക്കേറ്റിന് ആണ് അധികാരം.
കേരള സര്‍വകലാശാല രജിസ്ട്രാറായി ഡോ അനില്‍കുമാര്‍ വ്യാഴാഴ്ചയും ഓഫീസില്‍ എത്തും. വി സിയുടെ നടപടി സര്‍വകലാശാല ചവറ്റുകൊട്ടയില്‍ ഇടുമെന്നും അച്ചടക്ക നടപടി സ്വീകരിക്കാന്‍ വി സിക്ക് അധികാരമില്ലെന്നും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആഴ്ച കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ ഭാരതാംബയുടെ ചിത്രം വച്ചത് വിവാദമായിരുന്നു. ഇക്കാര്യം സെക്യൂരിറ്റി ഓഫീസറും പിആര്‍ഒയും രജിസ്ട്രാറുടെ ശ്രദ്ധയില്‍പ്പെടുത്തി. സെനറ്റ് ഹാളിലെത്തിയ രജിസ്ട്രാര്‍ ചിത്രം എടുത്തുമാറ്റണമെന്നും അല്ലാത്ത പക്ഷം പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നും പറഞ്ഞു.എന്നാല്‍ ഭാരതാംബ ചിത്രം വച്ചുളള പരിപാടിയുമായി സംഘാടകര്‍ മുന്നോട്ടുപോയി. ഇതിനെ എതിര്‍ത്ത് എസ് എഫ് ഐ രംഗത്ത് വന്നിരുന്നു.കെ എസ് യുവും എതിര്‍പ്പുമായി എത്തിയിരുന്നു.
സര്‍വകലാശാലയുടെ പ്രധാന കവാടത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ സംഘര്‍ഷമായി. ഇതിനിടെ ഗവര്‍ണര്‍ ഇവിടെ എത്തുകയും പൊലീസിന്റെ അകമ്പടിയോടെ സെനറ്റ് ഹാളില്‍ പ്രവേശിക്കുകയും ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.
കവാടത്തിലെ പ്രതിഷേധം മൂലം പരിപാടിയില്‍ പങ്കെടുത്ത ശേഷം മറ്റൊരു വഴിയിലൂടെയാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ക്ക് മടങ്ങാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: