തിരുവനന്തപുരം: മെഡിക്കല്‍കോളജിലെ വീഴ്ചകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ സാങ്കേതിക കാരണങ്ങളെന്ന് പറഞ്ഞൊഴിയുന്ന ഭരണാധികാരികളുടെ മൂക്കിന്‍തുമ്പില്‍ വീഴ്ചകളുടെയും പിടിപ്പികേടിന്റെയും പര്യായമായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയും. ശസ്ത്രക്രിയ പിഴവുമുതല്‍ ആവശ്യത്തിന് ഡോക്ടര്‍മാരും സ്റ്റാഫുകളുമില്ലായ്മ വരെ വീഴ്ചകളുടെ പട്ടിക നീളുന്നു.
മരുന്നുകമ്പനികള്‍ക്ക് കുടിശിക നല്‍കാനുള്ളതിനാല്‍ ആശുപത്രിയില്‍ മരുന്നുകളും കിട്ടാനില്ല. പരിശോധനാ മെഷീനുകള്‍ അടിക്കടി തകരാറാകുന്നതുമൂലം വന്‍കിട സ്വകാര്യ ലാബുകാര്‍ ലക്ഷങ്ങള്‍ ലാഭമുണ്ടാക്കുന്നു. ആശുപത്രി ജീവനക്കാരും സ്വകാര്യ ലാബുകളും തമ്മില്‍ ഒത്തുകളിയെന്ന ആക്ഷേപവും ഉയരുന്നു. പൊതുവേ നാഥനില്ലാക്കളരിയായ കേരളത്തിലെ ആരോഗ്യവിഭാഗം നോക്കുകുത്തിയായി മാറി. മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശന ഷോകള്‍ക്കും കുറച്ചുകാലമായി വിരാമമിട്ടിട്ടുണ്ട്. മന്ത്രിയെത്തി ഫോട്ടോയ്‌ക്ക് പോസ് ചെയ്യുമ്പോള്‍ പരാതികളുമായി രോഗികള്‍ ചുറ്റുംകൂടിയാലുണ്ടാകുന്ന നാണക്കേടോര്‍ത്താണിതെന്നു രോഗികള്‍ പറയുന്നു.
യുവാവിന്റെ മുതുകില്‍ ശസ്ത്ര്ക്രിയയ്‌ക്കുശേഷം ഗ്ലൗസ് തുന്നച്ചേര്‍ത്ത സംഭവമുണ്ടായിട്ട് അധികകാലമായിട്ടില്ല. നെടുമങ്ങാട് വാടകയ്‌ക്ക് താമസിച്ചിരുന്ന നെയ്യാറ്റിന്‍കര സ്വദേശിയായ ഷിനുവിന്റെ മുതുകിലാണ് ജനറല്‍ ആശുപത്രിയിലെ സര്‍ജറിക്കിടെ ഗ്ലൗസ് തുന്നിച്ചേര്‍ത്തത്. ചികിത്സാപ്പിഴവ് ഒന്നിനുപിറകേ ഒന്നായി വന്നാല്‍പ്പോലും സംഭവം അന്വേഷിക്കാനെത്തുന്ന വിദഗ്ധസമിതികള്‍ ഡോക്ടര്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതായും ആക്ഷേപമുണ്ട്. പ്രതികരിച്ചാല്‍ ആശുപത്രി സംരക്ഷണ നിയമപ്രകാരം രോഗിയെ ഉള്‍പ്പെടെ ജാമ്യമില്ലാവകുപ്പില്‍ പെടുത്തുന്നതിനാല്‍ രോഗികള്‍ നിസഹായരാകുന്ന അവസ്ഥയാണ്.
ഉപകരണങ്ങള്‍ തകരാറാകുന്നത് നിത്യസംഭവം
ഇക്കഴിഞ്ഞ മെയ് 24 മുതല്‍ രണ്ടാഴ്ചക്കാലത്തോളം ഓപ്പറേഷന്‍ തിയേറ്ററിന്റെ പ്രവര്‍ത്തനം മുടങ്ങിയിരുന്നു. തിയേറ്റര്‍ കോംപ്ലക്‌സിലെ ശീതീകരണ സംവിധാനം തകരാറിലായതോടെയാണ് തിയേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നത്. രണ്ടാഴ്ചയായി നടക്കേണ്ടിയിരുന്ന ശസ്ത്രക്രിയകളെല്ലാം ഇതോടെ മാറ്റിവച്ചിരുന്നു. ഫെബ്രുവരിയില്‍ ഒപി ടിക്കറ്റ് കൗണ്ടറില്‍ സോഫ്റ്റ്‌വെയര്‍ തകരാര്‍ കാരണം രോഗികള്‍ വലഞ്ഞു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ബാധിക്കുന്നത് രോഗികളെയാണ്. ഒപി ടിക്കറ്റ് നല്‍കുന്നിടത്ത് എല്ലാ കൗണ്ടറുകളിലും ആളുണ്ടാകാറില്ല. ഇതുമൂലം നീണ്ട നിരയാണ് രൂപപ്പെടുന്നത്. ഒപി വിഭാഗത്തില്‍ കാലപ്പഴക്കത്താല്‍ അവശരായ പ്രിന്ററുകള്‍ പണിമുടക്കുന്നതും പതിവാണ്.
എക്‌സ്‌റേ മെഷീനും യുപിഎസും കേടായതിനാല്‍ രോഗികള്‍ക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവന്നു. കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഉത്തരവാദപ്പെട്ട ആരും ഇല്ലാത്ത അവസ്ഥയാണ്. എക്‌സ്‌റേ മെഷീന്‍തകരാര്‍ അടിയന്തരമായി പരിഹരിക്കണമെന്ന് മാര്‍ച്ച് 7ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടും ഇതുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഇന്നലെ മനുഷ്യാവകാശ കമ്മീഷന്‍ ഈ വിഷയത്തില്‍ വീണ്ടും ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: