Vicharam

ഇന്ന് ശിക്ഷാ ബച്ചാവോ ആന്ദോളന്‍ സ്ഥാപന ദിനം; കൈകോര്‍ക്കാം വിദ്യാഭ്യാസ മേഖലയെ രക്ഷിക്കാന്‍

Published by

ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും അന്താരാഷ്‌ട്ര നിലവാരം നേടി, നമ്പര്‍ വണ്‍ ആയാണ് കേരളം പരിലസിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. അതിനെയാണ് പണ്ട് കേരള മോഡല്‍ എന്ന് പ്രകീര്‍ത്തിച്ചത്. അതിന്റെ ഊര്‍ദ്ധ്വ ശ്വാസമാണ് ഇന്നെങ്ങും പ്രതിധ്വനിക്കുന്നത്. ആരോഗ്യസംരക്ഷണത്തില്‍ അമേരിക്ക പോലും ഉപദേശം തേടിയ ആരോഗ്യ മന്ത്രിമാരാണ് കേരളത്തിലുള്ളതെന്ന പിആര്‍ഒ തള്ളു വിശ്വസിച്ചവരുടെ വിശ്വാസത്തെ തകര്‍ക്കരുതെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കേണപേക്ഷിച്ചത്. പാവങ്ങള്‍ ചികിത്സ തേടുന്ന സര്‍ക്കാരാശുപത്രികളില്‍ അത്യാവശ്യ മരുന്നുകളും ഉപകരണങ്ങളും ഇല്ല എന്ന നീണ്ടകാലത്തെ സത്യം കഴിഞ്ഞദിവസം പൊതു ചര്‍ച്ചയുടെ വിഷയമായി. ആരോഗ്യരംഗത്തെ മികവിന്റെ കേന്ദ്രമായ തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് അത്യാവശ്യ ശസ്ത്രക്രിയയ്‌ക്ക് വേണ്ട ഉപകരണങ്ങള്‍ ഇല്ലാത്തത്.

ആരോഗ്യരംഗത്തേക്കാള്‍ അപകടകരമായ സ്ഥിതിയിലാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം. എന്നാലത് ഇനിയും കേരളത്തില്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ടില്ല. കഴിഞ്ഞ 9 വര്‍ഷമായി ഭരണം നടത്തുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ ഏറ്റവും പ്രധാന ഭരണനേട്ടമായി അവകാശപ്പെടുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ ഉന്നമനമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരള വിദ്യാഭ്യാസത്തെ അന്താരാഷ്‌ട്ര തലത്തില്‍ എത്തിച്ചു എന്നാണ് മന്ത്രിയുടെ വാദം. ഇനി ഗവര്‍ണറുടെ അവകാശങ്ങളും സ്വാതന്ത്ര്യവും കൂടി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി സമാനതകളില്ലാത്തതാക്കി മാറ്റും എന്നാണ് അവകാശവാദം. ഭാരതാംബയെ അറിയല്ല, അനുവദിക്കില്ല എന്ന് തിട്ടൂരമിറക്കുന്നവര്‍, വ്യഭിചാര ചിത്രങ്ങളും രംഗങ്ങളുമൊരുക്കിയാണ് കുട്ടികളെ ക്യാമ്പസുകളിലേക്ക് സ്വാഗതം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന വിദ്യാഭ്യാസ നിലവാര വാര്‍ഷിക റിപ്പോര്‍ട്ട് (അട
ഋഞ 2024) ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കേരളത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം തകര്‍ന്നു തരിപ്പണമായി പതിനാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതിന്റെ തെളിവാണ് പുറത്ത് വയ്‌ക്കുന്നത്. ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലായി എല്ലാ കുട്ടികളും മാതൃഭാഷാ ശേഷിയും അടിസ്ഥാന ഗണിത ശേഷിയും നേടണം എന്നാണ് ദേശീയ വിദ്യാഭ്യാസ നയം ആവശ്യപ്പെടുന്നത്. ഈ നിര്‍ദേശത്തോട് പുറംതിരിഞ്ഞുനിന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണം നടപ്പാക്കിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ഈ ക്ലാസുകളില്‍ പഠിക്കുന്ന 20 ശതമാനം കുട്ടികള്‍ക്കും മലയാള അക്ഷരം പോലും അറിയില്ല. ഒന്നാം ക്ലാസിലെ പാഠഭാഗം വായിക്കാന്‍ സാധിക്കുന്ന 60 ശതമാനം കുട്ടികളാണ് മൂന്ന് ക്ലാസിലായുള്ളത്. 2014 മുതല്‍ 24 വരെയുള്ള 10 വര്‍ഷത്തില്‍ മൂന്നാം ക്ലാസിലെ കുട്ടികള്‍ക്ക് രണ്ടാം ക്ലാസിലെ പാഠഭാഗം നല്‍കിയാല്‍ വായിക്കാന്‍ കഴിയുന്ന കുട്ടികള്‍ 36.6ശതമാനത്തില്‍ നിന്ന് 44.4 ശതമാനമായത് മാത്രമാണ് സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങളില്‍ മെച്ചമായി പറയാനുള്ളത്. എയ്ഡഡ് സ്വകാര്യ വിദ്യാലയങ്ങളില്‍ ഇത് 40.3ശതമാനത്തില്‍ നിന്ന് 47.3 ശതമാനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ ശേഷികള്‍ 5, 8 ക്ലാസുകളില്‍ പരിശോധിച്ചപ്പോള്‍ ഫലം നിരാശാജനകം. അഞ്ചാം ക്ലാസിലെ 61 ശതമാനം കുട്ടികള്‍ക്ക് 2014 ല്‍ രണ്ടാം ക്ലാസിലെ മലയാള പാഠഭാഗം വായിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ 2024 ല്‍ അത് 58.2 ശതമാനമായി കുറഞ്ഞു.

പൊള്ളയായ വാഗ്ദാനങ്ങള്‍ക്ക് നടുവില്‍ കെട്ടിപ്പൊക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ തകര്‍ന്ന നേര്‍ചിത്രം കാണാതിരിക്കാന്‍ മതസംഘടനകളെ ഇക്കിളിപ്പെടുത്തി സമയമാറ്റവും സൂംബാ ഡാന്‍സും പ്രഖ്യാപിച്ച് ചര്‍ച്ച വഴിതിരിക്കുന്ന കുതന്ത്രമാണ് ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആവശ്യത്തിന് സീറ്റുകളുള്ളപ്പോള്‍ അവ ഒഴിച്ചിട്ട് വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും പോ
കുന്നു. 20 വര്‍ഷം മുമ്പ് വിദ്യാഭ്യാസ വളര്‍ച്ചയ്‌ക്ക് ആവശ്യമായ സ്വകാര്യ പണം മുടക്കല്‍ അനുവദിച്ചുകൊണ്ട് ആരംഭിച്ച സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം സര്‍ക്കാര്‍ സഹായത്തിലുള്ള പൊതുസ്ഥാപനങ്ങളുടെ എത്രയോ മടങ്ങ് ആയിട്ടുണ്ടെങ്കിലും അവയുടെ പ്രവര്‍ത്തനത്തിന് കാലോചിതമായ പരിവര്‍ത്തനം നടത്താന്‍ സര്‍വ്വകലാശാല സംവിധാനത്തിലെ രാഷ്‌ട്രീയ അതിപ്രസരം കാരണം സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തന്നെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന കാഴ്ചപ്പാട് മുന്നില്‍ വെച്ച് സ്വകാര്യ സര്‍വ്വകലാശാലകള്‍ തുടങ്ങുന്നതിനുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത്. മറ്റു സംസ്ഥാനങ്ങളിലെല്ലാം സ്വകാര്യ സര്‍വ്വകലാശാലകള്‍ ആധുനിക കോഴ്‌സുകളും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും നല്‍കി വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുമ്പോള്‍ കഴിഞ്ഞ 10 വര്‍ഷത്തെ നഷ്ടമാണ് കേരളത്തിന് ഈ രംഗത്ത് അനുഭവപ്പെട്ടത്. കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ ഗുണനിലവാരം ഉയര്‍ത്താന്‍ സാധ്യതയുള്ള, ആഗ്രഹമുള്ള സ്ഥാപനങ്ങള്‍ക്ക് ആ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള സ്വയംഭരണം നല്‍കാനും പ്രോത്സാഹിപ്പിക്കാനും തയ്യാറാകുമ്പോള്‍ അതിന് എതിരെ മുഖം തിരിക്കുന്ന സമീപനമാണ് കേരളത്തിലെ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എങ്കിലും നിരവധി സ്ഥാപനങ്ങള്‍ ഇന്ന് സ്വയംഭരണ പദവി നേടി എന്നുള്ളത് ആശാവഹമാണ്. എന്നാല്‍ ഇവയെ നിയന്ത്രിക്കുന്നത് കാലത്തിനനുസരിച്ച് പരിവര്‍ത്തനത്തിന് വിധേയരാകാന്‍ തയ്യാറല്ലാത്ത കേരളത്തിലെ സര്‍വ്വകലാശാല സംവിധാനമാണ്.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ അടിമുടി ഉടച്ചുവാര്‍ക്കേണ്ടതുണ്ട്. ഇടതുപക്ഷ രാഷ്‌ട്രീയം ഉയര്‍ത്തുന്ന ജനവിരുദ്ധ തന്ത്രങ്ങളെ തുറന്നുകാട്ടാന്‍ അക്കാദമിക സമൂഹവും വിദ്യാര്‍ത്ഥികളും തന്നെ മുന്നോട്ടു വരണം. ആരോഗ്യ രംഗത്തെ സംവിധാനത്തിന്റെ പിഴവ് പുറത്തുകൊണ്ടുവരാന്‍ ഒരു ഉദ്യോഗസ്ഥന് സാധിച്ചു എങ്കില്‍ തന്റെ രാഷ്‌ട്രീയ വിധേയത്വം മറന്ന് ആത്മാര്‍ത്ഥതയുള്ള അദ്ധ്യാപകരും ജീവനക്കാരും മറ്റു ഉദ്യോഗസ്ഥരും അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സത്യസന്ധമായമായ സാഹചര്യത്തെ സാമൂഹ്യ മധ്യത്തില്‍ കൊണ്ടുവരാന്‍ തയ്യാറാകണം. കാരണം ഇത് അടിയന്തരാവസ്ഥയുടെ കാലമല്ല. അടിയന്തരാവസ്ഥയെ ചെറുത്തുതോല്‍പ്പിച്ച അന്‍പതാണ്ടുകളുടെ അനുഭവം ആര്‍ജ്ജവമായി എടുത്ത് അധികാര അന്ധതക്കെതിരെ അഗ്‌നിനാളങ്ങളായി ഉയരാന്‍ ഓരോരുത്തര്‍ക്കും കഴിയണം.

2002-ജൂലൈ രണ്ടിന് ദല്‍ഹിയില്‍ ആരംഭിച്ച്, വിദ്യാഭ്യാസരംഗത്ത് കത്തിപ്പടര്‍ന്ന ശിക്ഷാ ബച്ചാവോ ആന്ദോളന്‍ – വിദ്യാഭ്യാസ സംരക്ഷണ പ്രക്ഷോഭം ഉയര്‍ത്തിവിട്ട സമരോത്സുകമായ ഇടപെടലുകളാണ് ദേശീയ തലത്തില്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അത് പുറത്തുനിന്നുള്ള സമരത്തേക്കാള്‍ ‘അകത്തു നിന്നുള്ള ഒരു ശുദ്ധീകരണ പ്രക്രിയയായിരുന്നു. തിരുവനന്തപുറം മെഡിക്കല്‍ കോളജ് സുപ്രണ്ടിന്റെ ധീരമായ സ്വരത്തെ പിന്തുണച്ച്, കേരളത്തില്‍ വിദ്യാഭ്യാസരംഗത്തും അദ്ധ്യാപകരും, വിദ്യാത്ഥികളും, പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന അവസ്ഥക്ക് മാറ്റം വരുത്തണം. കേരളത്തിന്റെ നഷ്ടപ്പെട്ട പൈതൃകം വീണ്ടെടുക്കാന്‍, കപട ഇടത് അവകാശവാദത്തില്‍നിന്ന് കേരളം പുറത്ത് വരികയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും വേണം.

(ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനാണ് ലേഖകന്‍)

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക