ന്യൂദൽഹി : പാർലമെന്റിന്റെ സുരക്ഷയിൽ വീഴ്ച വരുത്തിയെന്ന കേസിലെ രണ്ട് പ്രതികളായ നീലം ആസാദിനും മഹേഷ് കുമാവതിനും ദൽഹി ഹൈക്കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചു. നീലം ആസാദിനും മഹേഷ് കുമാവതിനും ജാമ്യം നൽകുന്നതിനെ ദൽഹി പോലീസ് എതിർത്തുവെങ്കിലും കോടതി ഇരുവർക്കും ജാമ്യം നൽകി.
ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ്, ജസ്റ്റിസ് ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ബെഞ്ച് ഇരുവർക്കും 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും അതേ തുകയ്‌ക്കുള്ള രണ്ട് ആൾജാമ്യത്തിലുമാണ് ഇളവ് നൽകിയത്. അതേ സമയം ജാമ്യം അനുവദിക്കുമ്പോൾ ദൽഹി ഹൈക്കോടതി നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജാമ്യ സമയത്ത് നീലം ആസാദും മഹേഷ് കുമാവത്തും മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ദൽഹി ഹൈക്കോടതി അറിയിച്ചു. ഇതോടൊപ്പം അവർ സോഷ്യൽ മീഡിയയിൽ ഒന്നും പോസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
2023 ഡിസംബർ 13 നാണ് പാർലമെന്റിന്റെ സുരക്ഷയിൽ ഒരു പ്രധാന വീഴ്ച ഉണ്ടായത്. 2001 ൽ പാർലമെന്റിനു നേരെ നടന്ന ഭീകരാക്രമണത്തിന്റെ വാർഷികം കൂടിയായിരുന്നു ഈ ദിവസം. ലോക്‌സഭയിലെ സീറോ അവറിൽ, സാഗർ ശർമ്മയും മനോരഞ്ജൻ ഡിയും ഗാലറിയിൽ നിന്ന് സഭയിലേക്ക് ചാടി. അവർ സഭയിൽ മഞ്ഞ വാതകം പുറത്തുവിടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ലോക്‌സഭയിലുണ്ടായിരുന്ന എംപിമാർ അവരെ നിയന്ത്രിച്ചു. അതേ സമയം മറ്റ് രണ്ട് പ്രതികളായ അമോൽ ഷിൻഡെയും നീലം ആസാദും പാർലമെന്റ് പരിസരത്തിന് പുറത്ത് നിറമുള്ള വാതകം തളിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കേസ് അന്വേഷിക്കുന്നതിനിടെ മറ്റ് രണ്ട് പ്രതികളായ ലളിത് ഝാ, മഹേഷ് കുമാവത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: