India

തൊഴിലില്ലായ്‌മ പരിഹരിക്കാൻ കേന്ദ്ര വിപ്ലവം, 3.5 കോടി ജോലികൾ സൃഷ്ടിക്കും: എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് കേന്ദ്രത്തിന്റെ അംഗീകാരം

Published by

ന്യൂഡൽഹി: രാജ്യത്തെ എല്ലാ മേഖലകളിലും തൊഴിൽ വർധനയ്‌ക്കായി കേന്ദ്രത്തിന്റെ വിപ്ലവ പദ്ധതി. എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് കേന്ദ്രം അംഗീകാരം നൽകി . ഇതോടെ രാജ്യത്ത് 3.5 കോടി തൊഴില്‍ സൃഷ്ടിക്കപ്പെടും. ജീവനക്കാര്‍ക്കും, തൊഴിലുടമകൾക്കും ഒരുപോലെ ഗുണമുള്ളതാണ് പദ്ധതി.2024- 25 ലെ കേന്ദ്ര ബജറ്റിലാണ് യുവാക്കള്‍ക്ക് തൊഴില്‍, നൈപുണ്യ അവസരങ്ങള്‍ സുഗമമാക്കുന്നതിനായി ഈ പദ്ധതി ആദ്യമായി പ്രഖ്യാപിക്കപ്പെട്ടത്.

2025 ഓഗസ്റ്റ് 1 നും 2027 ജൂലൈ 31 നും ഇടയില്‍ രാജ്യത്ത് 3.5 കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതി ലക്ഷ്യം വയ്‌ക്കുന്നു. ആദ്യമായി ജോലി ചെയ്യുന്നവര്‍ക്ക് 15,000 രൂപ ഇന്‍സന്റീവും പദ്ധതി വാഗ്ദാനം ചെയ്യുന്നു.നിര്‍മ്മാണ മേഖലയ്‌ക്കാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നത്.ആദ്യമായി തൊഴില്‍ ചെയ്യുകയും, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (EPFO) രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്ന ജീവനക്കാരെ ലക്ഷ്യമിട്ടാണിത്.

പ്രതിമാസം ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ള ജീവനക്കാര്‍ക്ക് ഇതു ബാധകമാണ്. ആധാര്‍ ബ്രിഡ്ജ് പേയ്മെന്റ് സിസ്റ്റം (എബിപിഎസ്) ഉപയോഗിച്ച് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) രിതിയിലാകും ഇന്‍സന്റീവ് കൈമാറ്റം. ഇത് രണ്ടു ഗഡുക്കളായി നൽകും.ആദ്യ ഗഡു 6 മാസത്തെ സേവനത്തിന് ശേഷവും, രണ്ടാം ഗഡു 12 മാസത്തെ സേവനത്തിനു ശേഷവുമാകും ലഭിക്കുക. കൂടാതെ, ഭാവി തലമുറയുടെ സേവിംഗ് ശീലം വര്‍ധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

ഇതിന്റെ ഭാഗമായി നല്‍കുന്ന തുകയുടെ ഒരു ഭാഗം ഒരു നിശ്ചിത കാലയളവിലേക്ക് ഒരു സേവിംഗ്‌സ് ഇന്‍സ്ട്രുമെന്റിലോ, നിക്ഷേപ അക്കൗണ്ടിലോ സൂക്ഷിക്കും.നിര്‍മ്മാണ മേഖലയിലുള്ള തൊഴിലുടമകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ 3- 4 വര്‍ഷങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നു സര്‍ക്കാര്‍ പറയുന്നു. ഏകദേശം 2.60 കോടി അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കാന്‍ ഇതുവഴി സാധിച്ചേക്കും.

തൊഴിലുടമകള്‍ക്കുള്ള പേയ്മെന്റുകള്‍ അവരുടെ പാന്‍- ലിങ്ക് ചെയ്ത അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തും.പദ്ധതിക്കായുള്ള മൊത്തം ബജറ്റ് വിഹിതം 99,446 കോടി രൂപയാണ്. ഇതു തൊഴില്‍, വൈദഗ്ധ്യം എന്നിവയ്‌ക്കായുള്ള പ്രധാനമന്ത്രിയുടെ 2 ലക്ഷം കോടി രൂപയുടെ വലിയ പാക്കേജിന്റെ ഒരു ഭാഗമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by