ഇസ്ലാമബാദ്: പാകിസ്ഥാനുള്ള സൈനിക പിന്തുണ തുര്‍ക്കി വര്‍ധിപ്പിക്കുകയാണെന്ന റിപ്പോര്‍ട്ട് ആശങ്ക ഉളവാക്കുന്നു. തുര്‍ക്കിയുടെ പുതിയ നീക്കങ്ങള്‍ ജാഗ്രതയോടെ വീക്ഷിക്കുകയാണ് ഇന്ത്യ. പക്ഷെ ഇപ്പോള്‍ തുര്‍ക്കിയില്‍ നിന്നും കൂടുതല്‍ ഡ്രോണുകള്‍ വാങ്ങിക്കൂട്ടുകയാണ് പാകിസ്ഥാന്‍.
എന്താണ് 80 കാര്‍ഗി ഡ്രോണ്‍?
തുര്‍ക്കിയുടെ ഏറ്റവും പുതിയ ഡ്രോണ്‍ ആയ 80 കാര്‍ഗി എന്ന ലോയിറ്ററിംഗ് മ്യൂനിഷന്‍ പാകിസ്ഥാന്‍ ഈയിടെ വാങ്ങി. ചാവേര്‍ വിഭാഗത്തില്‍പെട്ട ഡ്രോണുകള്‍ ആണിത്. 18 കിലോഗ്രാം വരെ സ്ഫോടകവസ്തുക്കള്‍ നിറയ്‌ക്കാവുന്ന പോര്‍മുനയുള്ള ഡ്രോണ്‍ ആണ് 80 കാര്‍ഗി. ഇതിന് 15000 അടി വരെ ഉയരത്തില്‍ പറക്കാനാവും. 926 കിലോമീറ്റര്‍ വ്യാസത്തിനകത്തുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ സ്ഫോടനം നടത്താന്‍ കഴിയും. ഒരു ലോയിറ്റര്‍ മ്യൂനിഷനാണ് 80 കാര്‍ഗി. ആകാശത്ത് പതുങ്ങി ഒരിടത്ത് തന്നെ കൂടുതല്‍ നേരം തങ്ങി നില്‍ക്കാന്‍ കഴിവുള്ള ഡ്രോണുകളാണ് ലോയിറ്റര്‍ മ്യൂനിഷന്‍ വിഭാഗത്തില്‍ പെടുന്നവ. റഡാറുകള്‍ക്ക് പിടികൊടുക്കാതിരിക്കാനാണ് ഈ പതുങ്ങിനില്‍പ്. അവസരം കിട്ടിയാല്‍ ഇവ ആക്രമിക്കുകയും ചെയ്തു. പാകിസ്ഥാന്‍ ഏകദേശം 171 കോടി രൂപയ്‌ക്കാണ് 80 കാര്‍ഗി വാങ്ങിക്കൂട്ടിയിരിക്കുന്നത്. തുര്‍ക്കിയില്‍ നിന്നും കെമങ്കസ് എന്ന ക്രൂയിസ് മിസൈലുകളും പാകിസ്ഥാന്‍ വാങ്ങിയിട്ടുണ്ട്. ഏകദേശം 150 കോടി ഡോളര്‍ ചെലവഴിച്ചാണ് പാകിസ്ഥാന്റെ നാവികസേനയെ ആധുനികമാക്കാന്‍ തുര്‍ക്കിയുടെ നാല് ചെറിയ നാവികക്കപ്പലുകള്‍ വാങ്ങിയത്. തുര്‍ക്കിയുടെ കയ്യില്‍ നിന്നും അഗോസ്ത 90ബി മുങ്ങിക്കപ്പലുകളും പാകിസ്ഥാന്‍ വാങ്ങിയിട്ടുണ്ട്.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വീണ്ടും പാകിസ്ഥാനെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആളില്ലാതെ പറക്കുന്ന വാഹനങ്ങളുടെ (യുഎവി) വിഭാഗത്തില്‍പെട്ട 50ഓളം യിഹ ഡ്രോണുകള്‍ വാങ്ങിയിട്ടുണ്ട്. ജാമിംഗിനെ അതിജീവിക്കാന്‍ കഴിയുന്ന പുത്തന്‍ യിഹ ഡ്രോണുകള്‍ 550 എണ്ണം കൂടി പാകിസ്ഥാനിലേക്ക് വൈകാതെ എത്തും.
തുര്‍ക്കിയുടെ ഡ്രോണ്‍ അഹന്ത തീര്‍ത്തുകൊടുത്ത ഓപ്പറേഷന്‍ സിന്ദൂര്‍
പൊതുവേ ഡ്രോണ്‍ നിര്‍മ്മാണത്തില്‍ മിടുക്കുള്ള രാജ്യമായാണ് തുര്‍ക്കി അറിയപ്പെടുന്നത്. പക്ഷെ ഓപ്പറേഷന്‍ സിന്ദൂര്‍ ഡ്രോണ്‍ രംഗത്തുള്ള തുര്‍ക്കിയുടെ മേല്‍ക്കോയ്മയ്‌ക്ക് തിരിച്ചടിയായി. ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തിയ തുര്‍ക്കിയുടെ മുഴുവന്‍ ഡ്രോണുകളെയും ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറില്‍ വീഴ്‌ത്തിയിരുന്നു. എങ്കിലും തുര്‍ക്കിയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സഹകരണത്തെ ജാഗ്രതയോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. യിഹ, സോംഗാര്‍, ബൈരക്തര്‍ എന്നീ തുര്‍ക്കി ഡ്രോണുകളെ ഇന്ത്യ വീഴ്‌ത്തിയിരുന്നു. ഇന്ത്യയുടെ ഉദ്ദംപൂര്‍ സൈനികആസ്ഥാനം തകര്‍ക്കാന്‍ 50 തുര്‍ക്കി ഡ്രോണുകള്‍ പാകിസ്ഥാന്‍ അയച്ചിരുന്നു. ഈ 50ഉം ഇന്ത്യ വെടിവെച്ചിട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ഈ സുപ്രധാനസൈകിക ആസ്ഥാനം തകര്‍ന്നേനെ.
തുര്‍ക്കി-പാകിസ്താന്‍ സൗഹൃദം
തുര്‍ക്കിയും പാകിസ്താനും തമ്മിലുള്ള സൗഹൃദം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് ഒരു കാരണം ഇരുരാജ്യങ്ങളുടെയും തീവ്ര ഇസ്ലാമിക ആശയങ്ങളോടും തീവ്രവാദത്തോടുമുള്ള അടുപ്പമാണ്. മറ്റൊന്ന് തുര്‍ക്കി അവരുടെ ആയുധങ്ങള്‍ വിറ്റഴിക്കാന്‍ പറ്റുന്ന രാജ്യമായി തുര്‍ക്കിയെ കാണുന്നു എന്നതാണ്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ പാകിസ്ഥാന് വില്‍ക്കുന്നത് തുര്‍ക്കിയാണ്. 2015-2019 വരെയും 2020-2024വരെയും പാകിസ്ഥാനിലേക്കുള്ള തുര്‍ക്കിയുടെ ആയുധക്കയറ്റുമതിയില്‍ 103 ശതമാനം വര്‍ധനയുണ്ടായി.
ഇന്ത്യ വിശ്വസ്തനായ വ്യാപാരപങ്കാളിയായി ഇരുന്നിട്ടും ഇന്ത്യാ-പാക് യുദ്ധത്തില്‍ പാകിസ്ഥാന് ഡ്രോണുകളും മിസൈലുകളും മറ്റ് ആയുധങ്ങളും നല്‍കി സഹായിച്ച തുര്‍ക്കിക്കെതിരെ ഇന്ത്യയില്‍ അമര്‍ഷം തിളയ്‌ക്കുകയാണ്. ഇന്ത്യയില്‍ ബിസിനസ് നടത്തിയിരുന്ന തുര്‍ക്കി കമ്പനിയെ ബഹിഷ്കരിക്കാനുള്ള ആഹ്വാനം ഇന്ത്യയില്‍ ശക്തമാണ്. ഇത് തുര്‍ക്കിക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിരുന്നു. ഏറ്റവുമൊടുവില്‍ തുര്‍ക്കിയുടെ ശത്രുവായ സൈപ്രസില്‍ സന്ദര്‍ശനം നടത്തി തുര്‍ക്കിയെ പ്രധാനമന്ത്രി മോദി പ്രകോപിപ്പിച്ചിരുന്നു.
അമേരിക്കയുടെ വാലാട്ടിയാണ് തുര്‍ക്കി. ട്രംപിന് വേണ്ടി വിടുപണി ചെയ്യുക വഴി അമേരിക്കയില്‍ നിന്നും ചില സൗജന്യങ്ങള്‍ ഒപ്പിച്ചെടുക്കുകയാണ് എര്‍ദോഗാന്‍ മിടുക്കനാണ്. ഇക്കഴിഞ്ഞ ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തില്‍ ഇസ്രയേലിന് വേണ്ടി ഇറാനില്‍ കടന്ന് ചെന്ന് ചാരപ്രവര്‍ത്തനം നടത്തിയ രാജ്യമാണ് തുര്‍ക്കി. അതേ സമയം പുറത്ത് അവര്‍ ഇറാനെ അനുകൂലിക്കുന്നതായി ഭാവിയ്‌ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: