മുംബൈ ; ദിൽജിത് ദോസഞ്ജിന്റെ ‘സർദാർജി3’ എന്ന ചിത്രം വിവാദങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിന് പകരം വിദേശത്താണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒപ്പം പാകിസ്ഥാനിലും റിലീസ് ചെയ്തിട്ടുണ്ട് . അവിടെ ധാരാളം പ്രേക്ഷകർ ചിത്രം കാണാൻ എത്തുന്നുണ്ട്. ഇന്ത്യയിൽ ഓരോ ദിവസം കഴിയുന്തോറും വിവാദം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
പാക് നടി ഹനിയ ആമിറിനെ ചിത്രത്തിൽ കാസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വലിയ വിവാദമുണ്ടായിരുന്നു. ഓപ്പറേഷമ്ന് സിന്ദൂറിനു ശേഷം ഹനിയ ഇന്ത്യ വിരുദ്ധ പരാമർശം നടത്തുകയു ചെയ്തിരുന്നു .ചിത്രം റിലീസ് ചെയ്താൽ ദിൽജിത്തിനെ വിലക്കുമെന്ന് അറിയിച്ച് സിനിമാ സംഘടനകൾ രംഗത്തെത്തുന്ന സാഹചര്യം വരെയുണ്ടായി.
ദിൽജിത്തിനെ സിനിമകളിൽ നിന്ന് വിലക്കാനും അദ്ദേഹത്തിന്റെ പാസ്‌പോർട്ട് നിരോധിക്കാനും ആളുകൾ ആവശ്യപ്പെടുന്നുണ്ട് . അതേസമയം, മുതിർന്ന നടൻ നസീറുദ്ദീൻ ഷാ ഇപ്പോൾ ദിൽജിത്തിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
‘ഈ ഗുണ്ടകൾക്ക് വേണ്ടത് ഇന്ത്യയിലെയും പാകിസ്ഥാനിലെയും സാധാരണക്കാർ പരസ്പരം സംസാരിക്കുന്നത് നിർത്തണമെന്നാണ്. എനിക്ക് പാകിസ്ഥാനിൽ ചില അടുത്ത ബന്ധുക്കളും പ്രിയ സുഹൃത്തുക്കളുമുണ്ട്. എനിക്ക് തോന്നുമ്പോഴെല്ലാം അവരെ കാണുന്നതിൽ നിന്നോ എന്റെ സ്നേഹം അയയ്‌ക്കുന്നതിൽ നിന്നോ എന്നെ തടയാൻ ആർക്കും കഴിയില്ല. ഒടുവിൽ, പാകിസ്ഥാനിലേക്ക് പോകൂ എന്ന് പറയുന്നവരോട്, കൈലാസത്തിലേക്ക് പോകൂ എന്ന് ഞാൻ പറയും.’ എന്നാണ് നസീറുദ്ദീൻ ഷായുടെ പോസ്റ്റ്.
പോസ്റ്റ് വൈറലായതോടെ, നസീറുദ്ദീൻ ഷായ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത് . ഹിന്ദുക്കൾക്കെതിരെ വെല്ലുവിളി ഉയർത്തുകയാണെന്നും , വർഗീയ സംഘർഷം ഉണ്ടാക്കാനാണ് നടന്റെ ശ്രമമെന്നും ആരോപണമുയർന്നിട്ടുണ്ട്.
















