ബിരുദകാര്‍ക്ക് ജൂലൈ 4 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം
2025 ലെ എസ്എസ്‌സി കമ്പയിന്‍ഡ് ഗ്രാഡുവേറ്റ് ലെവല്‍ പരീക്ഷ വഴിയാണ് നിയമനം
വിശദവിവരങ്ങള്‍ https://ssc.gov.in ല്‍
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) നടത്തുന്ന 2025 ലെ കമ്പയിന്‍ഡ് ഗ്രാഡുവേറ്റ് ലെവല്‍ പരീക്ഷ വഴി കേന്ദ്ര സര്‍വ്വീസില്‍ വിവിധ തസ്തികകളില്‍ 14582 ഒഴിവുകളില്‍ ബിരുദധാരികള്‍ക്ക് നിയമനം നേടാം. വിശദവിവരങ്ങള്‍ https://ssc.gov.in ല്‍ ലഭിക്കും. സ്ഥാപനങ്ങളും തസ്തികകളും ശമ്പള നിരക്കും യോഗ്യതാ മാനദണ്ഡങ്ങളും വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഗ്രൂപ്പ് ബി, സി വിഭാഗത്തില്‍പ്പെടുന്ന ചില തസ്തികകള്‍ ചുവടെ-
ഗ്രൂപ്പ്ബി- ശമ്പള നിരക്ക് 44900-142400 രൂപ- അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ (സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സര്‍വ്വീസ്, ഇന്റലിജന്‍സ് ബ്യൂറോ, റെയില്‍വെ), ഇന്‍സ്‌പെക്ടര്‍ ഓഫ് ഇന്‍കംടാക്‌സ് (സിബിഡിടി), ഇന്‍സ്‌പെക്ടര്‍ (സെന്‍ട്രല്‍ എക്‌സൈസ്), പ്രിവന്റീവ് ഒാഫീസര്‍, ഇന്‍സ്‌പെക്ടര്‍- എക്‌സാമിനര്‍ (സിബിഐസി), അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ (ഇഡി, റവന്യൂ), സബ് ഇന്‍സ്‌പെക്ടര്‍ (സിബിഐ), ഇന്‍സ്‌പെക്ടര്‍ (സെന്‍ട്രല്‍ ബ്യൂറോ ഓഫ് നര്‍ക്കോട്ടിക്‌സ്).
ശമ്പള നിരക്ക് 35400-112400 രൂപ- അസിസ്റ്റന്റ്/അസിസ്റ്റന്റ് സെക്ഷന്‍ ഒാഫീസര്‍ (വിവിധ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍/ഓര്‍ഗനൈസേഷനുകള്‍), ഡിവിഷണല്‍ അക്കൗണ്ടന്റ് (കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന് കീഴിലുള്ള ഓഫീസുകള്‍), സബ് ഇന്‍സ്‌പെക്ടര്‍ (എന്‍ഐഎ), സബ് ഇന്‍സ്‌പെക്ടര്‍/ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍- നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ), ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2, ഓഫീസ് സൂപ്രണ്ട്.
ഗ്രൂപ്പ് സി- ശമ്പള നിരക്ക് 29200-92300 രൂപ, ഓഡിറ്റര്‍/അക്കൗണ്ടന്റ്/ജൂനിയര്‍ അക്കൗണ്ടന്റ് (സി ആന്റ് എജി/സിജിഡിഎ എന്നിവയുടെ കീഴിലുള്ള ഒാഫീസുകള്‍/വിവിധ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍/കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് കാര്യാലയം).
ശമ്പള നിരക്ക്- 25500-81100 രൂപ- പോസ്റ്റല്‍ അസിസ്റ്റന്റ്/സോര്‍ട്ടിങ് അസിസ്റ്റന്റ് (തപാല്‍ വകുപ്പ്), സീനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്/അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (വിവിധ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍/മന്ത്രാലയങ്ങള്‍), സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് (മിലിട്ടറി എന്‍ജിനീയറിങ് സര്‍വ്വീസസ്), ടാക്‌സ് അസിസ്റ്റന്റ്(സിബിഡിടി/സിബിഐസി), സബ് ഇന്‍സ്‌പെക്ടര്‍ (സെന്‍ട്രല്‍ ബ്യൂറോ ഓഫ് നര്‍ക്കോട്ടിക്‌സ്).
യോഗ്യത: അംഗീകൃത സര്‍വ്വകലാശാലാ ബിരുദമുള്ളവര്‍ക്ക് മിക്കവാറുമെല്ലാ തസ്തികകള്‍ക്കും അപേക്ഷിക്കാം. എന്നാല്‍ ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തസ്തികക്ക് ഏതെങ്കിലും ബിരുദവും പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സിന് 60 ശതമാനം മാര്‍ക്കും ഉണ്ടാകണം. സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി ബിരുദമെടുത്തവരെയും പരിഗണിക്കും. സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്-2 തസ്തികക്കും സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി ബിരുദമെടുത്തിരിക്കണം.
ഗ്രൂപ്പ് സി തസ്തികയില്‍ വിമുക്തഭടന്മാര്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് മെട്രിക്കുലേറ്റ് ആര്‍മി/നേവി/എയര്‍ഫോഴ്‌സ് സ്‌പെഷ്യല്‍ സര്‍ട്ടിഫിക്കറ്റ് മതിയാകും. 15 വര്‍ഷത്തെ സര്‍വ്വീസ് പൂര്‍ത്തിയാക്കിയിരിക്കണം.
ഇന്‍സ്‌പെക്ടര്‍/സബ് ഇന്‍സ്‌പെക്ടര്‍ (സിബിഐ/എന്‍ഐഎ/സെന്‍ട്രല്‍ എക്‌സൈസ്), ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ മുതലായ ചില തസ്തികകള്‍ക്ക് ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലേക്ക് പുരുഷന്മാരെ മാത്രമേ പരിഗണിക്കുകയുള്ളൂ. മറ്റെല്ലാ തസ്തികകള്‍ക്കും പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി 18-27/30/32. നിയമാനുസൃത വയസ്സിളവുണ്ട്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തിലുണ്ട്.
അപേക്ഷ: ഓണ്‍ലൈനില്‍ നിര്‍ദ്ദേശാനുസരണം ജൂലൈ 4 വരെ അപേക്ഷിക്കാം. ഫീസ് 100 രൂപ. വനിതകള്‍ക്കും എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും ഫീസില്ല. നെറ്റ് ബാങ്കിങ്/വിസ/മാസ്റ്റര്‍ കാര്‍ഡ്/റുപേ ഡെബിറ്റ് കാര്‍ഡ് വഴി 5 വരെ ഫീസ് അടയ്‌ക്കാം. അപേക്ഷയിലെ തെറ്റ് തിരുത്തലിന് 9-11 വരെയാണ് സൗകര്യം.
സെലക്ഷന്‍ ടെസ്റ്റിന് കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ലക്ഷദ്വീപില്‍ കവരത്തി എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കും.
















