ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശപര്യടനം നാളെ ആരംഭിക്കും. ഘാനയില്‍ നിന്ന് ആരംഭിക്കുന്ന സന്ദര്‍ശനം നമീബിയയിലാണ് അവസാനിക്കുക. 5 മുതല്‍ 8 വരെ ബ്രസീല്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി 17-ാമത് ബ്രിക്സ് ഉച്ചകോടിയിലും പങ്കെടുക്കും. സന്ദര്‍ശത്തിനിടെ വിവിധ രാഷ്‌ട്രത്തലവന്മാരുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളുമുണ്ടാകും.
രണ്ടിനും മൂന്നിനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഘാന സന്ദര്‍ശിക്കുക. ഘാന പ്രസിഡന്റ് ജോണ്‍ മനാമയുമായി ചര്‍ച്ച നടത്തും. ഘാനയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. മൂന്നു പതിറ്റാണ്ടിനുശേഷമാണ് ഒരു ഭാരത പ്രധാനമന്ത്രി ഘാനയിലെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ പ്രധാനമന്ത്രി കംല പെര്‍സാദ് ബിസെസ്സറിന്റെ ക്ഷണപ്രകാരം മൂന്ന്, നാല് തിയതികളില്‍ നരേന്ദ്രമോദി അവിടം സന്ദര്‍ശിക്കും. പ്രധാനമന്ത്രി എന്ന നിലയില്‍ മോദി ഇവിടേക്ക് നടത്തുന്ന ആദ്യ സന്ദര്‍ശനവും 1999നുശേഷം ഈ രാജ്യത്തിലേക്കുള്ള പ്രധാനമന്ത്രിതലത്തിലുള്ള ആദ്യ ഉഭയകക്ഷിസന്ദര്‍ശനവുമാണിത്. സന്ദര്‍ശനവേളയില്‍, ട്രിനിഡാഡ് ആന്‍ഡ് ടുബേഗോ പ്രസിഡന്റ് ക്രിസ്റ്റീന്‍ കാര്‍ല കംഗലൂ, പ്രധാനമന്ത്രി കംല പെര്‍സാദ് ബിസെസ്സര്‍ എന്നിവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും.
പ്രസിഡന്റ് ജാവിയര്‍ മിലേയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി 4, 5 തിയതികളില്‍ അര്‍ജന്റീന സന്ദര്‍ശിക്കും. പ്രസിഡന്റ് ജാവിയര്‍ മിലേയുമായി ഉഭയകക്ഷിചര്‍ച്ച നടത്തും. പ്രധാന മേഖലകളില്‍ ഭാരതം-അര്‍ജന്റീന പങ്കാളിത്തം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യും. ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി അഞ്ച് മുതല്‍ എട്ടു വരെ ബ്രസീല്‍ സന്ദര്‍ശിക്കും.
17-ാം ബ്രിക്സ് ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും. ബ്രസീലിലേക്കുള്ള പ്രധാനമന്ത്രിയുടെ നാലാമത്തെ സന്ദര്‍ശനമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം വിശാലമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും.
നമീബിയ പ്രസിഡന്റ് ഡോ. നെതുംബോ നാന്ദി എന്‍ഡേയ്റ്റ്വയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി 9ന് നമീബിയയിലെത്തും. പ്രധാനമന്ത്രിയുടെ നമീബിയയിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്. ഭാരതത്തില്‍ നിന്നുള്ള പ്രധാനമന്ത്രിതലത്തിലുള്ള മൂന്നാമത്തെ സന്ദര്‍ശനമാണിത്.
സന്ദര്‍ശനവേളയില്‍, പ്രസിഡന്റ് നാന്ദി എന്‍ഡേയ്റ്റ്വയുമായി പ്രധാനമന്ത്രി ഉഭയകക്ഷിചര്‍ച്ച നടത്തും. നമീബിയയുടെ സ്ഥാപകനും പ്രഥമ പ്രസിഡന്റുമായ പരേതനായ ഡോ. സാം നുജോമയ്‌ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയര്‍പ്പിക്കും. നമീബിയ പാര്‍ലമെന്റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ചെയ്യും.
















