Kerala

ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വീട് വിട്ടിറങ്ങിയ യുവതിയെ റെയില്‍വേ പൊലീസ് കണ്ടെത്തി

കഴിഞ്ഞ ദിവസം പാര്‍വതി കിളിമാനൂരിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് 4,80,000 രൂപ വാങ്ങി

Published by

തിരുവനന്തപുരം : ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വീട് വിട്ടിറങ്ങിയ യുവതിയെ കണ്ടെത്തി. കിളിമാനൂര്‍ സ്വദേശിനി പാര്‍വതിയെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കവേ റെയില്‍വേ പൊലീസാണ് കണ്ടെത്തിയത്. സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് വീട് വിട്ടിറങ്ങിയതാണെന്ന് വ്യക്തമായത്.

സ്വകാര്യ ആശുപത്രിയില്‍ ഫിസിയോ തെറാപ്പിക്കെന്ന് പറഞ്ഞ് ഇന്നലെ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതാണ് പാര്‍വതി. വീട്ടുകാരുടെ പരിശോധനയില്‍, പാര്‍വതിയുടെ മുറിയില്‍ നിന്നും പിടിച്ച് നില്‍ക്കാന്‍ വഴിയില്ലെന്നും താന്‍ മാത്രമാണ് എല്ലാത്തിനും ഉത്തരവാദിയെന്നും എഴുതിയ കത്ത് കണ്ടെത്തി.യുവതിയുടെ ടെലിഗ്രാം പരിശോധിച്ചതില്‍ നിന്നും നാലര ലക്ഷം രൂപ വിവിധ അകൗണ്ടുകളിലേക്ക് അയച്ചതിന്റെ രേഖകളും കണ്ടെത്തി.

അമ്മാ ഞാന്‍ മരിക്കാന്‍ പോകുന്നു. എല്ലാത്തിനും കാരണം എന്റെ ടെലഗ്രാമില്‍ നോക്കിയാല്‍ കാണാം. എന്റെ മക്കളെ നോക്കണം. ഞാന്‍ മാത്രമാണ് എല്ലാത്തിനും ഉത്തരവാദി എന്നാണ് കത്തില്‍ പറയുന്നത്.

തുടര്‍ന്ന് പാര്‍വതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു.

അന്വേഷണത്തില്‍ ദുരൂഹ ഓണ്‍ലൈന്‍ ഇടപാടുകളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പാര്‍വതി കിളിമാനൂരിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് 4,80,000 രൂപ വാങ്ങി. ഇതില്‍ 2,92,000 രൂപ ആദിക് നലാഗി എന്നയാളുടെ ഉത്തരേന്ത്യന്‍ അക്കൗണ്ടിലേക്ക് അയച്ചതിന്റെ രേഖകള്‍ കണ്ടെത്തിയിരുന്നു.പാര്‍വതിക്ക് 9, 4 വയസുള്ള രണ്ടു കുട്ടികളുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by