കോട്ടയം: സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പലചരക്കു മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്ന് രണ്ടു ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങളുമായി മുങ്ങിയ വിരുതന്‍ പിടിയില്‍. ഇടുക്കി നെടുങ്കണ്ടം അമ്പലപ്പാറ മനു ദശരഥന്‍ (45) ആണ് പിടിയിലായത്. എറണാകുളം മുളന്തുരുത്തി ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. ചങ്ങനാശ്ശേരി വട്ടപ്പള്ളിയിലെ പ്രഭു ബാലാജി എന്ന പലചരക്കു മൊത്തവ്യാപാര സ്ഥാപന ഉടമയെയാണ് ഇയാള്‍ കുറച്ചു നാള്‍ മുന്‍പ് കബളിപ്പിച്ചത്.
1250 കിലോ പഞ്ചസാര, 29 ചാക്ക് അരി, 10 പാട്ട വെളിച്ചെണ്ണ എന്നിവ ഉള്‍പ്പെടെ 2.1 ലക്ഷം രൂപയുടെ സാധനങ്ങള്‍ വാങ്ങി വണ്ടിചെക്കു നല്‍കി മുങ്ങുകയായിരുന്നു. ചെക്ക് മടങ്ങിയതോടെ
കടയുടമ പോലീസില്‍ പരാതി നല്‍കി. പല സ്ഥലങ്ങളിലും സമാന രീതിയിലുളള തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
















