തിരുവനന്തപുരം : ഹയര്‍സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റില്‍ പിഴവുണ്ടായതില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തുക. മുപ്പതിനായിരത്തോളം പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകളിലാണ് പിഴവ് കണ്ടെത്തിയത്.
നാലര ലക്ഷത്തോളം സര്‍ട്ടിഫിക്കറ്റ് ഡാറ്റ ആണ് പ്രിന്റിംഗിനായി നല്‍കിയത്. സര്‍ട്ടിഫിക്കറ്റില്‍ നാലാമതായി വരുന്ന വിഷയത്തില്‍ ഒന്നും രണ്ടും വര്‍ഷത്തില്‍ വ്യത്യസ്ത മാര്‍ക്ക് നേടിയ മുപ്പതിനായിരത്തോളം വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റില്‍ ആണ് പിശക് ഉണ്ടായത്. പിഴവ് സംഭവിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ടെങ്കില്‍ പുതിയ സര്‍ട്ടിഫിക്കറ്റ് സ്‌കൂളില്‍ എത്തുന്ന മുറയ്‌ക്ക് വിദ്യാര്‍ഥികളില്‍ നിന്ന് തിരികെ വാങ്ങി പകരം സര്‍ട്ടിഫിക്കറ്റ് അനുവദിക്കും.
പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ വരും ദിവസങ്ങളില്‍ തന്നെ വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഹയര്‍സെക്കന്‍ഡറി വിഭാഗം അറിയിച്ചു. നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷ വിജയിച്ചത്. പിഴവുകള്‍ കണ്ടെത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യരുതെന്ന് നിര്‍ദേശം നല്‍കിയതിനാല്‍ നിലവില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാതെ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ പിടിച്ചുവയ്‌ക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.
ചെന്നൈയിലെ സ്വകാര്യ പ്രസായിരുന്നു സര്‍ട്ടിഫിക്കറ്റുകള്‍ അച്ചടിച്ചത്. ഇവരുടെ സോഫ്റ്റ് വെയര്‍ തകരാറിലായതാണ് പിഴവുകള്‍ വരാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: