എയര്‍ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ ഗുജറാത്തില്‍ തകര്‍ന്നുവീണ ദുരന്തം നടുക്കിയത് സകല ജനതയേയുമാണ്. ദുരന്തങ്ങളുടെ ദുരന്തമായി അത്. ആകാശത്തിനുമപ്പുറം ബഹിരാകാശത്തും വിജയക്കൊടി പാറിച്ചുവെന്ന ലോകശാസ്ത്രത്തിന്റെ അഭിമാനത്തിന് ശോഭ കെടുത്തുന്നതാണിത് എന്നതില്‍ തര്‍ക്കമില്ല. സാങ്കേതികപ്പിഴവാണ് ദുരന്തകാരണമെന്നതാണ് പ്രാഥമിക നിഗമനം.
ഉറപ്പായും അതുതന്നെയാവും, ആവട്ടെ, കാരണം. എന്തുകൊണ്ട്, എങ്ങനെ, എവിടെ എന്നെല്ലാം കണ്ടെത്തേണ്ടത് വിദഗ്ധരുടെ അന്വേഷണത്തിലൂടെയാണല്ലോ. പേര് ബ്ലാക് ബോക്സ് എന്നാണെങ്കിലും ഓറഞ്ചുനിറത്തിലുള്ള ആ പെട്ടി പറയും അടിസ്ഥാന വിവരങ്ങള്‍ കൃത്യമായി. അതിന് കാത്തിരിക്കാം. ഈ ദുരന്തം ബാധിച്ചവര്‍ക്കൊപ്പം നില്‍ക്കാം, അവര്‍ക്ക് ഏതെങ്കിലും തരത്തില്‍ താങ്ങാകാം. അതാണ് ഈ നിമിഷത്തില്‍ സാധാരണക്കാര്‍ക്ക് ഇങ്ങകലെയിരുന്ന് ചെയ്യാവുന്നത്.
ദേശീയ റോഡുപാതയില്‍ കേരളത്തിലുണ്ടായ ചില സാങ്കേതികപ്പിഴവുകള്‍, നിര്‍മ്മാണത്തിനിടെ പാതയിടിയാന്‍ ഇടയാക്കി. നിര്‍മ്മാണത്തിലെ പ്രശ്നങ്ങളാണ് കാരണമെന്ന നിഗമനമാണ് അവിടെയും വിദഗ്ധര്‍ പറയുന്നത്. 68 വര്‍ഷം റയില്‍വേയുടെ സാങ്കേതിക-നയ-നടപടികളുടെ ഭാഗമായിരുന്ന ലോകോത്തര ടെക്നോക്രാറ്റ്, മെട്രോമാന്‍ ഇ. ശ്രീധരന്‍ ദേശീയ പാതാ വിഷയത്തില്‍ രണ്ടുകാര്യം പറഞ്ഞു; ഒന്ന്: റയില്‍വേയായിരുന്നു ഈ ജോലി ചെയ്തിരുന്നതെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു, കാരണം അത്ര സൂക്ഷ്മമായാണ് സാങ്കേതിക കാര്യങ്ങള്‍ ചെയ്യുക, രണ്ട്: അത്ര കൃത്യമായ ട്രെയിനിങ്ങും സാങ്കേതിക വിദഗ്ധര്‍ നല്‍കുന്നുണ്ട്. ദേശീയപാതയിലെ പ്രശ്നത്തിന്റെ യഥാര്‍ത്ഥ കാരണം താന്‍ കണ്ടെത്തിയെന്നും അതുപക്ഷേ പരസ്യമായി പറയില്ലെന്നും അദ്ദേഹം പറഞ്ഞു. അതീവ ഉത്തരവാദിത്വമുള്ള പൗരന്റെ, ഏറെ പരിചയ സമ്പന്നനായ ഒരു ബ്യൂറോക്രാറ്റിന്റെ, മര്യാദയാണ് അദ്ദേഹം കാട്ടിയത്. എന്നാല്‍ തന്റെ നിഗമനം അദ്ദേഹം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ അറിയിക്കുകയും ചെയ്തു. ദേശീയപാത കാര്യത്തില്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ അമിക്യസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അതിന്റെയും വിശദവും സൂക്ഷ്മവുമായ വിലയിരുത്തലുകള്‍ വരാനിരിക്കുന്നതേയുള്ളു.
ഭാരതത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ രണ്ട് കപ്പലുകള്‍ക്കാണ് അടുത്തടുത്ത നാളുകളിലായി ചേതം സംഭവിച്ചത്, രണ്ടും തീപ്പിടിത്തം. അതിനും സാങ്കേതികപ്പിഴവുതന്നെ പ്രാഥമിക കാരണമായി പറയുന്നത്. ഇങ്ങനെയൊക്കെ സംഭവിച്ചുവെന്നു കരുതി ആകാശത്തും കരയിലും കടലിലും യാത്രകളെല്ലാം അപകട സാധ്യത ഏറെയുള്ളതാണെന്ന് ചിന്തിച്ച് യാത്രകള്‍ ഒഴിവാക്കാനാവുമോ? ഇല്ല. അപകടങ്ങള്‍ ഒഴിവാക്കുകയാണ് ശരിയായ വഴി. പക്ഷേ, അപകടങ്ങള്‍ ആരും ബോധപൂര്‍വം വരുത്താറില്ല; ‘സ്വബോധമുള്ളവരാരും’ എന്ന് തിരുത്തണം. അതൊക്കെയാണെങ്കിലും കുറച്ചുനാള്‍ ജനങ്ങള്‍ക്കുള്ളില്‍ ഭയം നിലനില്‍ക്കും, ചിലരില്‍ ഏറെനാള്‍. എന്നാല്‍, എക്കാലത്തും നിലനില്‍ക്കുന്ന ഒന്ന് സംഭവിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ സമൂഹത്തിലും രാജ്യത്തും ലോാകത്താകെയും. അത് ജനങ്ങള്‍ക്കിടയിലുള്ള പരസ്പര വിശ്വാസത്തിന്റെ പ്രശ്നമാണ്. അതിവിടെ ഏറ്റവും വലിയ വിഷയമായി മാറുകയാണ്, മാറിയിരിക്കുകയാണ്.
ഒരു കാലത്ത് പഞ്ചാബില്‍ ഇങ്ങനെയൊരവസ്ഥയുണ്ടായിരുന്നു; പഞ്ചാബ് വിഘടനവാദത്തിന്റെ, തീവ്രവാദത്തിന്റെ കൊടും പാതയില്‍, പ്രത്യേക ഖാലിസ്ഥാന്‍ പ്രദേശം വേണമെന്ന് വാദിച്ചിരുന്നവരുടെ മേല്‍ക്കൈയില്‍ രാജ്യം അമര്‍ന്നിരുന്ന കാലത്ത്. ജനങ്ങള്‍ തമ്മിലുള്ള പരസ്പരവിശ്വാസത്തിന്റെ ശോഷണം അത്രയേറെ സംഭവിച്ച കാലം. രാജ്യതലസ്ഥാനത്തൊക്കെ അന്ന് ആളുകള്‍ ഒത്തുചേരുന്നിടത്ത് ദേഹപരിശോധന നടത്തിയേ പ്രവേശിപ്പിച്ചിരുന്നുള്ളു. സിനിമാ ശാലകളില്‍, ഭക്ഷണശാലയില്‍ ഒക്കെ ഈ സ്ഥിതി തുടര്‍ന്നു. കവിയും സിനിമാ പ്രവര്‍ത്തകനുമായ ഗുല്‍സാര്‍ സംവിധാനം ചെയ്ത ‘മാച്ചിസ്’ എന്ന സിനിമയില്‍ (1996) ആ സ്ഥിതിവിശേഷം കാണികള്‍ക്ക് അത്രമാത്രം അനുഭവപ്പെടുംവിധം ചിത്രീകരിച്ചിട്ടുണ്ടായിരുന്നു.
ഭയന്ന് ജിവിക്കേണ്ടിവരുന്ന ഒരു സാമൂഹ്യാവസ്ഥ വാസ്തവത്തില്‍ പൗരന്മാര്‍ക്കു മാത്രമല്ല, എവിടെയായാലും രാജ്യത്തിനാകമാനം തളര്‍ച്ചയ്‌ക്കിടയുണ്ടാക്കുന്നതാണ്. ബിന്‍ ലാദന്‍ എന്ന ഭീകരന്‍ അമേരിക്കയില്‍ നടത്തിയ ഭീകരാക്രമണകാലത്ത് (2001 സെപ്തംബര്‍ 11) ആ രാജ്യം അനുഭവിച്ചത് അതാണ്. 2024 സെപ്തംബറില്‍ (17, 18 തീയതികളില്‍) ലബനനില്‍ ആയിരക്കണക്കിന് പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിച്ച ‘ഓപ്പറേഷന്‍ ഗ്രിം ബീപ്പര്‍’ (ഇസ്രയേലിന്റെ പ്രതിരോധമായിരുന്നു) ഓപ്പറേഷന്‍ ലോകത്തെ ആകെ ഭയപ്പെടുത്തി. ഇങ്ങനെ ഭയന്ന് ജീവിക്കേണ്ട സാഹചര്യങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകുന്നുവെന്നതാണ് വലിയ അപകടം. ലോകമാകെ ഇന്ന് അത്തരത്തിലാണ് സഞ്ചരിക്കുന്നത്.
രാജ്യങ്ങള്‍ തമ്മില്‍ പരസ്പര വിശ്വാസമില്ലാതാകുന്നു, അത് രാജ്യങ്ങള്‍ക്കുള്ളില്‍ ആഭ്യന്തര അവിശ്വാസ്യതയാകുന്നു, ചെറു സമൂഹത്തിലും വീടുകളിലും വ്യക്തികള്‍ തമ്മിലും എന്നല്ല സകല മേഖലകളിലും സമാനസ്ഥിതി ഉണ്ടാകുന്നത് അപകടമാണ്. അയല്‍ രാജ്യത്തുനിന്നുണ്ടാകുന്ന അസ്വസ്ഥതകളുടെ ഭാഗമായി രൂപപ്പെടുന്ന അവിശ്വാസ്യതയാണ് ഇപ്പോള്‍, ഗുജറാത്തിലെ വിമാനദുരന്തത്തിന് ശേഷം സാമാന്യ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന ആശങ്കാപൂര്‍ണമായ പ്രതികരണങ്ങള്‍ക്ക് അടിസ്ഥാനം. വിമാന ദുരന്തവും കേരള തീരപ്രദേശങ്ങളിലെ കപ്പല്‍ത്തീപ്പിടിത്തങ്ങളും ദേശീയ പാതയിലെ തകര്‍ച്ചയും ഒക്കെ സംബന്ധിച്ച് ‘ദുരൂഹത’ എന്ന പ്രചാരണങ്ങള്‍ ഉണ്ടാവുന്നത് അങ്ങനെയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ സാധാരണക്കാര്‍ ആശങ്കപ്പെടുന്നത് മനസ്സിലാക്കാം. ടെലിവിഷന്‍ ചാനലുകളും മറ്റ് ഇലക്ട്രോണിക്-ഡിജിറ്റല്‍ മാധ്യമങ്ങളും ആ ആശങ്കകള്‍ക്ക് ആക്കം കൂട്ടുന്ന തരത്തിലാണ് പ്രചാരണങ്ങള്‍ നടത്തുന്നത്. ഇവിടെയാണ് പൗരന്റെ ഉത്തരവാദിത്വബോധം സംബന്ധിച്ച ചര്‍ച്ചകളും ബോധവല്‍ക്കരണവും ആവശ്യമായി വരുന്നത്.
ടെലിവിഷന്‍ ചാനലുകളും ഡിജിറ്റല്‍ മാധ്യമങ്ങളും ഇത്തരം വേളയില്‍ കാണിക്കുന്ന നിരുത്തരവാദിത്വങ്ങള്‍ക്കെതിരേ മാധ്യമ പ്രവര്‍ത്തകര്‍തന്നെ ശബ്ദം ഉയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നുവെന്നതാണ് ശ്രദ്ധേയം. മാദ്ധ്യമപ്രവര്‍ത്തനം സാമൂഹ്യ സേവനമൊന്നുമല്ല, ബിസിനസ് ആണെന്ന ചിന്ത ഉണ്ടാക്കിയ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് മദ്ധ്യമ പ്രവര്‍ത്തകര്‍ മാറിച്ചിന്തിക്കുന്നുവെന്നത് നല്ലമാറ്റമാണ്.
ശാസ്ത്രം ഏറെ വളര്‍ന്ന് പ്രയോഗത്തില്‍ കൃത്യതയും സൂക്ഷ്മതയും ഏറെ പുലര്‍ത്തുന്ന കാലമാണിത്. പക്ഷേ, നമുക്ക് സത്യം കണ്ടെത്തുന്ന കാര്യത്തില്‍, അത് സത്യം സത്യമായി പറയുന്ന കാര്യത്തില്‍, ഉറപ്പില്ലാത്ത കാര്യം പറയാതിരിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ട് സൂക്ഷ്മത പുലര്‍ത്തിക്കൂടാ. ഭാരതം എതിര്‍ രാജ്യത്ത് നടത്തിയ ‘സര്‍ജിക്കല്‍ സ്ട്രൈക്കി’ന് തെളിവ് ചോദിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ‘ലോകം മുഴുവന്‍ വിമാനാപകടം കുറയുമ്പോള്‍ എന്തുകൊണ്ട് ഇവിടെ സംഭവിക്കുന്നു’വെന്ന് ചോദിച്ച സിപിഎം നേതാവും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുമായ എം. സ്വരാജും ഒരേ കലപ്പയിലെ ഉഴവുമൃഗങ്ങളാണ്. അവരില്‍നിന്ന് മെട്രോമാന്റെ പൗരത്വ ഉത്തരവാദിത്വം പ്രതീക്ഷിക്കരുത്. അത് പരിഗണിക്കുമ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലും ചായപ്പീടികയിലും ആശങ്ക പങ്കുവെക്കുന്ന അതിസാധാരണക്കാര്‍ ഏറെ നിരപരാധികളാണ്.
പക്ഷേ, ഒന്നുണ്ട്, ഭീതി വ്യാപകമായിരിക്കുന്നു സമൂഹത്തില്‍. ഇങ്ങനെയൊക്കെ ചെയ്യാന്‍ ‘എതിരാളികള്‍’ തയാറായിക്കൂടായ്‌കയില്ല എന്ന തോന്നല്‍ ഏറെ അപകടമുണ്ടാക്കുന്നതാണ്. അത് സമൂഹത്തിന്റെ ഉറക്കം കെടുത്തുന്നതാണ്. ‘യുദ്ധ’ത്തിന് തയാറായിരിക്കുന്ന ചാവേറുകളെ അവരുടെ മടയില്‍ പോയി തകര്‍ക്കാനും ‘യുദ്ധം’ ചെയ്യുന്നവരുടെ ആയുധങ്ങളെ അവര്‍ തൊടുക്കുമ്പോഴേ തകര്‍ക്കാനും സജ്ജമാണ് ഭരണനിര്‍വഹണ സംവിധാനമെങ്കിലും ഓരോ പൗരന്റെയും മനസ്സുവായിച്ചറിയാനുള്ള മെന്‍ഡലിസമൊന്നും ഈ വര്‍ഷാവസാനത്തോടെ ജനസംഖ്യ 146 കോടി ആകാന്‍ പോകുന്ന ഒരു രാജ്യത്ത് എളുപ്പമല്ലല്ലോ.
അവിടെയാണ് ‘ടാറ്റാ’യുടെ സ്ഥാപനമായ സൂഡിയോയിലേക്ക് മാര്‍ച്ച് നടത്തുന്നവരുടെ മനസ്ഥിതിയും അവരുടെ രക്ഷകരുടെ സാന്നിദ്ധ്യവും പ്രവര്‍ത്തന സാധ്യതയും ടാറ്റായുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യാ വിമാനത്തിന്റെ ദുരന്തത്തില്‍ സങ്കല്‍പ്പിക്കപ്പെടുന്നത്. ‘അപകടകാരികള്‍’ എന്ന് പല തരത്തില്‍ പല ഘട്ടത്തില്‍ ബോധ്യമായവരെ, അങ്ങനെ പലരും സംശയിക്കുന്നവരെ, മാന്യരാക്കി വിശേഷിപ്പിച്ച് താല്‍ക്കാലിക രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി കൂട്ടുകാരാക്കുന്നത് ആ അപകട ചിന്തകള്‍ പെരുക്കാനേ ഇടകൊടുക്കുകയുള്ളു. ഈ പോക്ക് അയല്‍ക്കാരനെ ആപല്‍ക്കാരിയായി കാണാന്‍ മാത്രമല്ല, വീട്ടിനകത്തുള്ളവരെപ്പോലും അവിശ്വസിക്കേണ്ടുന്ന അപകട സ്ഥിതിയിലെത്തിക്കുകയേ ഉള്ളു. എന്താണ് മാര്‍ഗ്ഗം ഈ ഭയമുക്തിക്ക് എന്നത് ആഴത്തില്‍ ചിന്തിക്കേണ്ട വിഷയമാണ്. അഭിപ്രായമോ ആശങ്കയോ പങ്കുവെക്കുന്നത് തടയലല്ല നല്ലമാര്‍ഗ്ഗം. കൂട്ടായ ചിന്ത ആവശ്യമായ കാലമാണ്. വികസനത്തിന്റെ കുതിപ്പില്‍ രാജ്യം പിന്നാക്കം പോകാന്‍ ഇടയുണ്ടായിക്കൂടാ എന്ന ചിന്ത സകല തലത്തിലും ഉണ്ടാവേണ്ടതുണ്ട്.
പിന്‍കുറിപ്പ്:
ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂണ്‍ 19 ന് ആരംഭിക്കുമെന്ന ശുഭ വാര്‍ത്ത. നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് 19 നാണ്…യാദൃച്ഛികമാണ് കേട്ടോ… ബഹിരാകാശത്തേക്കാണ്…
















