അഹമ്മദാബാദ്: എയര്‍ ഇന്ത്യയുടെ യാത്രാവിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഒരു യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിശ്വാസ് കുമാര്‍ രമേശ് (38) ആണ് ആശുപത്രിയില്‍ ചികിത്സയിലുളളത്.വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു.
ഇരുപത് വര്‍ഷമായി ലണ്ടനില്‍ താമസിക്കുന്ന ബ്രിട്ടീഷ് പൗരത്വമുളള ഇന്ത്യന്‍ വംശജനാണ് വിശ്വാസ് കുമാര്‍ രമേശ്. സഹോദരനൊപ്പം ബന്ധുക്കളെ കാണാനാണ് ഇന്ത്യയിലെത്തിയത്.സഹോദരന്‍ അജയെ കാണാനില്ലെന്ന് വിശ്വാസ് പറഞ്ഞു.
230 യാത്രക്കാരും 12 ജീവനക്കാരും ആണ് വിമാനത്തിലുണ്ടായിരുന്നത്.വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്നായിരുന്നു പ്രാഥമിക വിവരം.മരിച്ചവരില്‍ ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയും ഉള്‍പ്പെടുന്നു.204 മൃതദേഹം കണ്ടെത്തി.
കൊല്ലപ്പെട്ടവരില്‍പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയും മരിച്ചു. ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്യുകയാണ് രഞ്ജിത.
അപകടത്തില്‍ പ്രദേശവാസികളും മരിച്ചിട്ടുണ്ടാകാമെന്നു അഹമ്മദാബാദ് പൊലീസ് മേധാവി ജി എസ് മാലിക് പറഞ്ഞു. മരണ സംഖ്യ തിട്ടപ്പെടുത്തി വരുന്നതേയുള്ളുവെന്നും അദ്ദേഹം അറിയിച്ചു.
വിമാനം ഇടിച്ചു കയറിയതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളേജിലെ അഞ്ച് വിദ്യാര്‍ഥികളും മരിച്ചു.നാല് ഡിഗ്രി വിദ്യാര്‍ഥികളും ഒരു പിജി വിദ്യാര്‍ഥിയുമാണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. ക്യാന്റീനില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുട്ടികളാണ് മരിച്ചത്. കെട്ടിടം ഭാഗികമായി തകര്‍ന്നു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.60ഓളം മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. അഞ്ചു പേരെ കാണാനില്ല. രണ്ടുപേരുടെ നില ഗുരുതരമാണ്
242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് തകര്‍ന്ന് വീണത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ടേക്ക് ഓഫിനിടെയാണ് വിമാനം തകര്‍ന്നു വീണത്. രാജ്യം കണ്ട ഏറ്റവും വലിയ ആകാശ ദുരന്തമായി ഇതോടെ അഹമ്മദാബാദ് വിമാന അപകടം. 11 വര്‍ഷം പഴക്കമുള്ള AI 171 വിമാനം എയര്‍ ഇന്ത്യയുടെ ഭാഗമായത് 2014 ല്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: