ഇസ്ലാമബാദ്: ഭാരതത്തിന്റെ പ്രത്യാക്രമണത്തില്‍ പാകിസ്ഥാനുണ്ടായത് കനത്ത നാശനഷ്ടം. ഭാരതം പുറത്തുവിട്ടതിനെക്കാള്‍ കൂടുതല്‍ നഷ്ടം പാകിസ്ഥാനുണ്ടായെന്ന് വെളിപ്പെടുത്തുന്ന പാക് റിപ്പോര്‍ട്ടുകള്‍ പുറത്ത്.
ഓപ്പറേഷന്‍ ബന്യന്‍ ഉന്‍ മര്‍സൂസ് എന്ന പേരില്‍ നടത്തിയ ഭാരതത്തിനെതിരേയുള്ള സൈനിക ഓപ്പറേഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതു പ്രകാരം ഭാരതം പുറത്തുവിട്ടത് കൂടാതെ ഏഴോളം സ്ഥലങ്ങളില്‍ കൂടി പ്രത്യാക്രമണം നടത്തിയിട്ടുണ്ട്.
പെഷവാര്‍, ഝാങ്, സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ്, പഞ്ചാബ് പ്രവിശ്യയിലെ ഗുജറാത്ത്, ഭവല്‍നഗര്‍, അറ്റോക്ക്, ചോര്‍ എന്നിവിടങ്ങളിലും ഭാരതത്തിന്റെ സൈനിക നടപടിയുണ്ടായിട്ടുണ്ടെന്നാണ് പാക് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആക്രമണം സംബന്ധിച്ച് ഭാരതത്തിന്റെ വ്യോമസേനയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചപ്പോള്‍ ഈ പ്രദേശങ്ങളിലെ ആക്രമണം സംബന്ധിച്ച് പ്രതിപാദിച്ചിരുന്നില്ല. വെടിനിര്‍ത്തലിനായി ഭാരതത്തെ സമീപിക്കാന്‍ ഈ ആക്രമണങ്ങള്‍ പാക് അധികൃതരെ നിര്‍ബന്ധിതരാക്കുകയായിരുന്നെന്നും ഇതില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഭാരതം പ്രത്യാക്രമണം നടത്തിയതായി തെളിയിക്കുന്ന ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകളും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഭാരതം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
















