ന്യൂദല്‍ഹി: ഇന്തോ-പാക് സംഘര്‍ഷത്തിനിടെ പ്രധാനമന്ത്രി മോദി ദല്‍ഹിയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം ലക്ഷ്യമാക്കി ഉച്ചകോടി സംഘടിപ്പിച്ചത് വലിയൊരു സുരക്ഷയൊരുക്കലിന്റെ ഭാഗമായിതന്നെയാണെന്ന് വിലയിരുത്തല്‍. ബംഗ്ലാദേശ് ചൈനയെ കൂട്ടുപിടിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും വിളിപ്പാടകലെ ഒരു സൈനിക വിമാനത്താവളം തുറക്കാന്‍ തീരുമാനിച്ചതാണ് മോദിയെ തിരക്കിട്ട് വടക്ക് കിഴക്കന്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ പ്രേരിപ്പിക്കുന്നത്. ഇന്ത്യയുടെ വിവിധ ബിസിനസ് ഭീമന്‍മാരെ ഇറക്കി ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാല് ലക്ഷം കോടി രൂപയുടെ വികസനം കൊണ്ടുവന്ന് ഇവിടെ ഒരുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം വടക്ക് കിഴക്കന്‍ മേഖലയിലെ ജനങ്ങളെ വന്‍ വികസനത്തിന്റെ ഭാഗമാക്കാന്‍ പോവുകയാണ് ഇന്ത്യ.
അംബാനിയും അദാനിയും 1.75 ലക്ഷം കോടി രൂപയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി ചെലവഴിക്കുമെന്ന് റൈസിംഗ് നോര്‍ത്ത് ഈസ്റ്റ് സമിറ്റ് 2025 (ഉയരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാന ഉച്ചകോടി 2025) ല്‍ പ്രഖ്യാപിച്ചു. ഏകദേശം നാല് ലക്ഷം കോടി രൂപയാണ് ഇന്ത്യയിലെ ബിസിനസ് സംരംഭകര്‍ ഇവിടെ വികസനത്തിനും തൊഴിലവസരം സൃഷ്ടിക്കാനും മുടക്കാന്‍ പോകുന്നത്. എന്തിനാണ് മോദി തിരക്കിട്ട് ഇത്തരമൊരു ഉച്ചകോടി നടത്തിയത്?
പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ആക്രമിക്കും എന്ന ഫസ്ലൂര്‍ റഹ്മാന്റെ ഭീഷണി
ബംഗ്ലാദേശില്‍ നിന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നേരെ ഉയരുന്ന സുരക്ഷാവെല്ലുവിളിയാണ് മോദിയെ ആശങ്കപ്പെടുത്തുന്നത്. ഇന്തോ പാക് യുദ്ധത്തിനിടെ ബംഗ്ലാദേശിലെ ഇടക്കാലസര്‍ക്കാരിന്റെ ഉപദേശകനും മുന്‍ മേജര്‍ ജനറലുമായ ഫസ് ലൂര്‍ റഹ്മാന്‍ ഒരു വെല്ലുവിളി ഉയര്‍ത്തുകയുണ്ടായി. ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ബംഗ്ലാദേശ് ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ആക്രമിക്കുമെന്നായിരുന്നു ഫസ് ലൂര്‍ റഹ്മാന്റെ ഭീഷണി. പക്ഷെ ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്ന്, രണ്ട് ആക്രമണങ്ങളില്‍ ഇന്ത്യ പാകിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങളെയും പാകിസ്ഥാന്റെ സൈനിക വിമാനത്താവളങ്ങളേയും ആക്രമിച്ചെങ്കിലും ബംഗ്ലാദേശ് ഒന്നും ചെയ്തില്ല. മാത്രമല്ല, ഫസ് ലൂര്‍ റഹ്മാന്റെ വെല്ലുവിളിയുമായി ബംഗ്ലാദേശ് സര്‍ക്കാരിന് ബന്ധമൊന്നുമില്ലെന്ന് മുഹമ്മദ് യൂനസ് അഭിപ്രായപ്പെടുകയും ചെയ്തു. എങ്കിലും ഇന്ത്യ ഈ വെല്ലുവിളിയെ വലിയൊരു ഭീഷണിയായി തന്നെയാണ് കാണുന്നത്.
ഭാവിയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ബംഗ്ലാദേശ് ഭീഷണി തന്നെയാണെന്നാണ് ഇന്ത്യയുടെ രഹസ്യാന്വേഷണവകുപ്പിന്റെ റിപ്പോര്‍ട്ട്. ഷേഖ് ഹസീനയെ അധികാരത്തില്‍ നിന്നും പുറത്താക്കിയതിന് ശേഷം അധികാരം പിടിച്ചെടുത്ത ജമാ അത്തെ ഇസ്ലാമി അവിടെ ഹിന്ദുക്കളെയും ഹിന്ദുക്ഷേത്രങ്ങളെയും ആക്രമിക്കുകയാണ്. ഈയിടെ മുഹമ്മദ് യൂനസ് ചൈനയില്‍ സന്ദര്‍ശനം നടത്തിയ വേളയില്‍ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കടുത്തുള്ള ‘ചിക്കന്‍ നെക്’ എന്നറിയപ്പെടുന്ന സിലിഗുരി ഇടനാഴില്‍ നിന്നും 135 കിലോമീറ്റര്‍ അകലെ ബംഗ്ലാദേശില്‍ ഒരു വ്യോമബേസ് തുറക്കാന്‍ ധാരണയായിട്ടുണ്ട്. ഇത് ഭാവിയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് മോദി കരുതുന്നു.
വടക്ക് കിഴക്ക് പ്രശ്നമുണ്ടാക്കാന്‍ ചൈനയുമായി ചേര്‍ന്ന് മുഹമ്മദ് യൂനസ്
സപ്ത സഹോദരി സംസ്ഥാനങ്ങളായാണ് ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ അറിയപ്പെടുന്നത്. അരുണാചൽ പ്രദേശ്, ആസാം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര എന്നിവയാണ് ഈ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍. ഇതില്‍ ഹിമാലയൻ സംസ്ഥാനമായ സിക്കിമിനെക്കൂടി ചേര്‍ത്ത് മോദി അഷ്ടലക്ഷ്മിമാര്‍ എന്നാണ് ഈ പ്രദേശത്തെ വിളിക്കുന്നത്. തെക്ക് കിഴക്കന്‍ ഏഷ്യയിലേക്കുള്ള പ്രവേശനകവാടമായാണ് മോദി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ കാണുന്നത്.
പക്ഷെ ചൈന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ അരുണാചല്‍ പ്രദേശില്‍ കണ്ണ് നട്ടിരിക്കുകയാണ്. ഭൂമികള്‍ കോര്‍ത്തുകെട്ടി കിടക്കുന്ന ഈ പ്രദേശത്ത് കടലിന്റെ സാന്നിധ്യമില്ല. ഈ പ്രദേശങ്ങളെ ചുറ്റിയുള്ള കടലിന്റെ അധിപതി ധാക്കയാണെന്ന് മുഹമ്മദ് യൂനസ് ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നാല് ദിവസത്തെ ചൈനീസ് സന്ദര്‍ശനവേളയില്‍ പ്രസംഗിച്ചിരുന്നു. അതായത് ഈ കടല്‍ ചൈനയ്‌ക്ക് ഇന്ത്യയ്‌ക്കെതിരെ പ്രയോജനപ്പെടുത്താമെന്നാണ് മുഹമ്മദ് യൂനസ് പറഞ്ഞതിന്റെ വ്യംഗാര്‍ത്ഥം.കടലിന് മേലെയുള്ള ബംഗ്ലാദേശിന്റെ ഭൗമപരമായ ആധിപത്യം ഉപയോഗിച്ച് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ ചൈനയുടെ സാന്നിധ്യം ഉറപ്പിക്കാന്‍ സഹായിക്കുകയാണ് ബംഗ്ലദേശിന്റെ ശ്രമം.
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും അധികം അകലെയല്ലാതെയുള്ള പ്രദേശത്ത് ഒരു ഒരു സൈനികവിമാനത്താവളം തുറക്കാന്‍ ബംഗ്ലാദേശ് ചൈനയെ കൂട്ടുപിടിച്ചിരിക്കുകയാണ്. രംഗപൂര്‍ ഡിവിഷനില്‍ ലാല്‍ മോനിര്‍ഹട്ട് എന്ന പ്രദേശത്താണ് ഇത് തുറക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്തുണ്ടായിരുന്ന സൈനികവിമാനത്താവളമാണിത്. ഇതാണ് ബംഗ്ലാദേശ് ചൈനയുടെ സാമ്പത്തികസഹായത്തോടെ പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബംഗ്ലാദേശ് വ്യോമസേനയുടെ കീഴില്‍ ഉള്ള ഈ സൈനിക വിമാനത്താവളം ദശകങ്ങളായി പ്രവര്‍ത്തിക്കാതെ കിടക്കുകയായിരുന്നു. മുഹമ്മദ് യൂനസിന്റെ ക്ഷണപ്രകാരം ചൈനയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഈയിടെ ഇവിടം സന്ദര്‍ശിച്ചു. ചൈനയുടെ സഹായത്തോടെ ഈ വിമാനത്താവളം വീണ്ടും തുറക്കുകയാണ് മുഹമ്മദ് യൂനസിന്റെ ലക്ഷ്യം.
വടക്ക് കിഴക്ക് ഇടപെടല്‍ ശക്തമാക്കി ഇന്ത്യ
ഇത് ആശങ്കാജനകമാണ്. അതിനാല്‍ വടക്ക് കിഴക്കന്‍ മേഖലകളിലെ ഇടപെടല്‍ ശക്തമാക്കുകയാണ് ഇന്ത്യ. അതിന്റെ ഭാഗമാണ് തിരക്കിട്ട് നടത്തി റൈസിംഗ് നോര്‍ത്ത് ഈസ്റ്റ് ഉച്ചകോടി 2025. നേരത്തെ തന്നെ മോദിയുടെ ലുക്ക് നോര്‍ത്ത് ഈസ്റ്റ് പോളിസി (വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് നോക്കൂ) പ്രകാരം ചില വികസനപദ്ധതികള്‍ നടപ്പാക്കിയിരുന്നു. മോദീയുടെ ഭരണത്തിന്‍ കീഴില്‍ ഈ മേഖലയിലെ വിമാനത്താവളങ്ങളുടെ എണ്ണം ഒമ്പതിൽ നിന്ന് 16 ആയി ഉയർന്നിട്ടുണ്ട്. കൂടാതെ 2014-ന് മുമ്പ് 900 ആയിരുന്ന സർവീസുകളുടെ എണ്ണം 1900 ആയി ഉയർന്നുകഴിഞ്ഞു.. ചില സംസ്ഥാനങ്ങൾ ആദ്യമായി വ്യോമയാന ഭൂപടത്തിൽ ഇടംനേടിയത് പോലും മോദിയുടെ കാലത്താണ്. ഇതുപോരാ ഈ ഉറങ്ങിക്കിടക്കുന്ന സംസ്ഥാനങ്ങള്‍ സജീവമാക്കി ഉണര്‍ത്താനാണ് മോദിയുടെ ശ്രമം. പുതിയ വടക്ക് കിഴക്കന്‍ ഉച്ചകോടിയിലൂടെ എത്തുന്ന നാല് ലക്ഷം കോടി രൂപയുടെ വികസനം വഴി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കും.
















