കാസർകോട്: കൽക്കണ്ടത്തെ എംഡിഎംഎ ആണെന്ന് തെറ്റിദ്ധരിച്ച് ഡാൻസാഫ് സംഘം പിടികൂടിയ യുവാക്കൾ ജയിലിൽ കഴിഞ്ഞത് അഞ്ച് മാസം. കാസർകോട് കോളിച്ചാൽ സ്വദേശി ബിജു മാത്യു, കണ്ണൂർ വാരം സ്വദേശി മണികണ്ഠൻ എന്നിവരാണ് 151 ദിവസത്തോളം ജയിലിൽ കിടന്നത്. ഒടുവിൽ രാസപരിശോധനയിൽ പിടിച്ചെടുത്തവ മയക്കുമരുന്നല്ലെന്ന് തെളിഞ്ഞതോടെയാണ് ഇരുവരും ജയിൽമോചിതരായത്.
ജയിലില്‍ കഴിഞ്ഞ അഞ്ച് മാസവും അതിന് ശേഷവും ബിജുവും കുടുംബവും അനുഭവിച്ചതാകട്ടെ കടുത്ത അവഗണനയും ഒറ്റപ്പെടലും. 2024 നവംബർ 26നാണ് കോഴിക്കോട് നിന്ന് ഡാൻസാഫ് സംഘം ഇവരെയും പിടികൂടുന്നത്. പിന്നീട് നടക്കാവ് പോലീസെത്തി നടത്തിയ പരിശോധനയിൽ മണികണ്ഠന്റെ പോക്കറ്റിൽ സൂക്ഷിച്ച 58.240 ഗ്രാം കൽക്കണ്ടം പോലീസ് കണ്ടെത്തു.
വീട്ടിലേക്ക് വാങ്ങിയ കൽക്കണ്ടമാണെന്നും തലേന്ന് രാത്രി ട്രെയിന്‍ യാത്രയ്‌ക്കിടെ ഇത് കഴിച്ചതായും പോലീസിനെ അറിയിച്ചെങ്കിലും ഇത് വിശ്വസിക്കാതിരുന്ന പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് വടകര എൻഡിപിഎസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
കൽക്കണ്ടമാണെന്ന് പോലീസിനോട് നിരവധി തവണ പറഞ്ഞെങ്കിലും ഇത് കേൾക്കാന്‍ പോലീസ് തായാറായില്ല. എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടും കൃത്യമായ പരിശോധന നടത്താതെയാണ് പോലീസ് തങ്ങളെ അറസ്റ്റ് ചെയ്‌തതെന്നും യുവാക്കൾ പറയുന്നു. അതേസമയം, പ്രതികൾ കുറ്റം സമ്മതിച്ചിരുന്നുവെന്നാണ് നടക്കാവ് പോലീസിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: