സിങ്കപ്പൂര്‍ സിറ്റി: സിങ്കപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 750 ന്റെ ആദ്യ ദിവസം ഭാരത താരങ്ങളായ പി.വി. സിന്ധുവിനും എച്ച്.എസ്. പ്രണോയിക്കും വിജയം.
ലോക റാങ്കിംഗില്‍ ഇപ്പോള്‍ 17-ാം സ്ഥാനത്തുള്ള സിന്ധു, കാനഡയുടെ വെന്‍ യു ഷാങ്ങിനെ വെറും 31 മിനിറ്റിനുള്ളില്‍ 21-14, 21-9 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. ടോക്കിയോ ഒളിമ്പിക്‌സ് സ്വര്‍ണ്ണ ജേതാവും നിലവിലെ ലോക അഞ്ചാം സ്ഥാനക്കാരിയുമായ ചൈനയുടെ ചെന്‍ യു ഫെയാണ് രണ്ടാം റൗണ്ടില്‍ സിന്ധുവിന്റെ എതിരാളി.
പരിക്കിനെ തുടര്‍ന്ന് ലോക 34-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പ്രണോയ്, ഒരു മണിക്കൂറും 12 മിനിറ്റും നീണ്ടുനിന്ന മാരത്തണ്‍ മത്സരത്തില്‍ റാസ്മസ് ജെംകെയെ 19-21, 21-16, 21-14 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. രണ്ടാം റൗണ്ടില്‍ ക്രിസ്റ്റോ പോപോവിനെയാണ് പ്രണോയി നേരിടുക. മൂന്നാം സീഡ് ആന്‍ഡേഴ്സ് ആന്റണ്‍സണെ ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചെത്തിയ താരമാണ് പോപോവ്. അതേസമയം, ഇന്ത്യന്‍ ടീമിലെ മറ്റ് അംഗങ്ങള്‍ക്ക് ഇന്നലെ നിരാശാജനകമായ ദിവസമായിരുന്നു, മാള്‍വിക ബന്‍സോദ്, അന്‍മോള്‍ ഖാര്‍ബ്, പ്രിയാന്‍ഷു രജാവത്, കിരണ്‍ ജോര്‍ജ്, മിക്‌സഡ് ഡബിള്‍സ് ജോടികളായ ധ്രുവ് കപില, തനിഷ ക്രാസ്റ്റോ, അഷിത് സൂര്യ, അമൃത പര്‍മുതേഷ് എന്നിവരെല്ലാം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. മാല്‍വിക എട്ടാം സീഡ് സുപാനിദ കാറ്റെതോങ്ങിനോട് 21-14, 18-21, 11-21 എന്ന സ്‌കോറിന് പരാജയപ്പെട്ടപ്പോള്‍, പ്രിയാന്‍ഷു ഏഴാം സീഡ് കൊടൈ നരോകയോട് 21-14, 10-21, 14-21 എന്ന സ്‌കോറിന് പരാജയം രുചിച്ചു. യുവതാരം അന്‍മോളിനെ പരിചയസമ്പന്നനായ ചെന്‍ പരാജയപ്പെടുത്തി. സ്‌കോര്‍; 11-21, 22-24 രക്ഷിത സന്തോഷ് രാംരാജ് ദക്ഷിണ കൊറിയയുടെ കിം ഗാ യൂണിനോട് 14-21, 8-21 എന്ന സ്‌കോറിന് പരാജയപ്പെട്ടപ്പോള്‍, ജോര്‍ജ് ചൈനയുടെ വെങ് ഹോങ് യാങ്ങിനോട് 19-21, 17-21 എന്ന സ്‌കോറിന് പരാജയപ്പെട്ടു.
മിക്‌സഡ് ഡബിള്‍സില്‍ ഭാരത ജോടിയായ ധ്രുവ് കപില-തനീഷ ക്രാസ്റ്റോ സഖ്യം 18-21, 13-21 എന്ന സ്‌കോറിന് ചൈനയുടെ ചെങ് സിംഗ്-ഷാങ് ചി സഖ്യത്തോട് തോറ്റു. അഷിത് സൂര്യ-അമൃത പര്‍മുതേഷ് സഖ്യം 11-21, 17-21 എന്ന സ്‌കോറിന് ജപ്പാന്റെ യുയിച്ചി ഷിമോഗാമി-സയക ഹൊബാര സഖ്യത്തോട് പരാജയപ്പെട്ടു. വനിതാ ഡബിള്‍സില്‍ കവിപ്രിയ സെല്‍വം-സിമ്രാന്‍ സിംഗി സഖ്യം മൂന്നാം സീഡ് ബെയ്‌ക്ക് ഹന-ലീ സോഹി സഖ്യത്തോട് 21-4, 21-9 എന്ന സ്‌കോറിന് പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: