ന്യൂദല്‍ഹി : ചാരപ്രവര്‍ത്തനത്തിന് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്‌ക്ക് പാക് ചാര സംഘടനയായ ഐഎസ്‌ഐയിലെ നാല് അംഗങ്ങളുമായി ബന്ധമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ജ്യോതി നിരന്തരം ഇവരുമായി ബന്ധപ്പെട്ടിരുന്നതായും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
പോലീസ് ജ്യോതിയുടെ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തെങ്കിലും ഇതിലെ സന്ദേശങ്ങളും മറ്റ് വിവരങ്ങളും ഡിലീറ്റ് ചെയ്തിരുന്നു. 12 ടിബിയോളം വരുന്ന ഡേറ്റയാണ് ഇത്തരത്തില്‍ നശിപ്പിച്ചത്. അന്വേഷണ സംഘം ഇത് വീണ്ടെടുത്തതോടെയാണ് നാല് ഐഎസ്ഐ ഏജന്റുമാരുമായി ഇവര്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തിയത്. ഇവര്‍ പാക് ചാരസംഘടനയില്‍പ്പെട്ടവരാണെന്ന് മനസിലാക്കിയാണ് ജ്യോതി അവരുമായി ബന്ധപ്പെട്ടിരുന്നത്. ഇതില്‍ ഡാനിഷ് എന്നയാള്‍ ഭാരതം നാടുകടത്തിയ പാക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥനാണ്. അഹ്സാന്‍, ഷാഹിദ് തുടങ്ങിയവരാണ് മറ്റുരണ്ടുപേര്‍. ഒരാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇവരുമായി ജ്യോതി നടത്തിയ ചാറ്റുകളും സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പുറത്തുവിട്ടിട്ടുണ്ട്.
പാകിസ്ഥാനില്‍ അവര്‍ നടത്തിയ യാത്രകള്‍ക്കും ഈ പരിചയം ഉപയോഗിച്ചു. എകെ 47 തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെ പാകിസ്ഥാനില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഒരു സ്‌കോട്ടിഷ് യൂട്യൂബറുടെ വീഡിയോയിലാണ് ജ്യോതി മല്‍ഹോത്ര അംഗരക്ഷകരുടെ അകമ്പടിയോടെ അനാര്‍ക്കലി ബസാറിലൂടെ നടക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നത്. അതിനിടെ ജ്യോതി മല്‍ഹോത്രയെ 14 ദിവസത്തേയ്‌ക്ക് കൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഹിസാര്‍ കോടതിയില്‍ ഹാജരാക്കിയതോടെ വീണ്ടും നീട്ടി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: