ന്യൂദല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. എല്‍ എഫ് 7, എക്‌സ്എഫ്ജി, ജെഎന്‍1, എന്‍ബി 1.8.1 വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഗുരുതരമാകുന്ന കേസുകള്‍ വളരെ കുറവാണെന്നും കേന്ദ്രം അറിയിക്കുന്നു. മുമ്പ് വ്യാപിച്ചിരുന്ന കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ പ്രചരിക്കുന്നവ കൂടുതല്‍ പകരുന്നതോ കൂടുതല്‍ ഗുരുതരമായ രോഗത്തിന് കാരണമാകുന്നതോ ആണെന്ന് സൂചനയില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഒരാഴ്ചയ്‌ക്കിടെ 753 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കോവിഡ് കേസുകള്‍ 1010 ആയി. ഒരാഴ്ചക്കിടെയുള്ള ആകെ മരണം ആറായി. കേരളം, മഹാരാഷ്‌ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ദല്‍ഹിയിലുമാണ് കൂടുതല്‍ വര്‍ധന. തീവ്രത കുറഞ്ഞ കേസുകളാണ് ഭൂരിഭാഗമെങ്കിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കുന്നുണ്ട്.
വൈറസ് എത്ര വേഗത്തില്‍ എവിടേക്കെല്ലാം വ്യാപിക്കുന്നുവെന്ന് നിരീക്ഷിക്കുകയാണ്. എത്രത്തോളം കേസുകള്‍ ഗുരുതരമാകും എന്നതും നിരീക്ഷിക്കുന്നുണ്ട്. സ്വാഭാവിക പ്രതിരോധ ശേഷിയും, വാക്‌സിനിലൂടെയുള്ള പ്രതിരോധശേഷിയും പുതിയ വൈറസ് മറികടക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. എല്ലാ കേസുകളിലും ജനിതക ശ്രേണീ പരിശോധനയും നടത്തുന്നുണ്ട്.
ചൈനയും സിംഗപ്പൂരുമടങ്ങുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ അടുത്തിടെ വ്യാപിച്ച കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഇന്ത്യയിലും കണ്ടെത്തിയതാണ് പെട്ടെന്നുള്ള വര്‍ധനയ്‌ക്കു കാരണമെന്നാണ് അനുമാനം. എന്‍ബി1.8.1, എല്‍എഫ് 7 എന്നീ പുതിയ വകഭേദങ്ങള്‍ അടുത്തിടെ തമിഴ്‌നാട്ടിലും ഗുജറാത്തിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരീക്ഷണത്തിനായി ഐക്യരാഷ്‌ട്ര സംഘടന പട്ടികപ്പെടുത്തിയ വകഭേദങ്ങളാണിവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: