പൂനെ: പതിറ്റാണ്ടുകളായി മാവോയിസ്റ്റ് ഭീകരരുടെ ശക്തികേന്ദ്രമായിരുന്ന കിഴക്കന്‍ മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ കത്തേഝാരി ഗ്രാമത്തില്‍ ആദ്യമായി ബസ് സര്‍വീസ് ആരംഭിച്ചു. തങ്ങളുടെ സ്വാധീനം നിലനിര്‍ത്താന്‍ മാവോയിസ്റ്റ് ഭീകരര്‍ പ്രദേശത്തിന്റെ ഒറ്റപ്പെടലും വികസന പിന്നോക്കാവസ്ഥയും ചൂഷണം ചെയ്തുവരികയായിരുന്നു ഇതുവരെ.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മഹാരാഷ്‌ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (എംഎസ്ആര്‍ടിസി) ബസാണ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ഇത് കത്തേഝാരിയെയും സമീപത്തുള്ള പത്തോളം ഗ്രാമങ്ങളെയും വിശാലമായ അവസരങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന ഒരു ചരിത്രപരമായ മാറ്റത്തിന് വഴിയൊരുക്കും. അവശ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് കാല്‍നട യാത്രയെയോ സ്വകാര്യ വാഹനങ്ങളെയോ ആശ്രയിച്ചിരുന്ന ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ബസ് സര്‍വീസ് ആശ്വാസമാകുമെന്ന് ഗഡ്ചിരോളിയിലെ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ജഗദീഷ് പാണ്ഡെ പറഞ്ഞു.
ഇത് വെറുമൊരു ബസ് മാത്രമല്ല, ഈ ഗ്രാമത്തിലെ ജനങ്ങള്‍ക്കും, സമീപത്തുള്ള 10 ഗ്രാമങ്ങളിലെ താമസക്കാര്‍ക്കും ഇതില്‍ നിന്ന് വിദ്യാഭ്യാസവും തൊഴിലും നേടാന്‍ കഴിയുന്ന ഒരു വികസന മാര്‍ഗമാണ്. ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയതിലൂടെ ഈ ഗ്രാമപ്രദേശത്തെ മുഖ്യധാരയുമായി ബന്ധിപ്പിക്കാനും മാവോയിസ്റ്റ് ഭീകരതയെ വേരോടെ പിഴുതെറിയാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: