മുംബൈ: അമേരിക്കക്കാര്‍ക്കുള്ള ഐഫോണ്‍ ഉത്പാദനം തദ്ദേശീയമാക്കിയാല്‍ വില ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയാകുമെന്ന് റിപ്പോര്‍ട്ട്. ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദത്തിനുവഴങ്ങി ആപ്പിള്‍ അമേരിക്കയില്‍ ഉത്പാദനത്തിനു തുനിഞ്ഞാല്‍ കമ്പനിക്കു കനത്ത ബാധ്യതയാണ് ഉണ്ടാകുകയെന്ന് സാമ്പത്തിക സേവന കമ്പനിയായ വെഡ്ബുഷ് സെക്യൂരിറ്റീസിലെ ടെക്നോളജി റിസര്‍ച്ച് മേധാവി ഡാന്‍ ഐവ്സ് വ്യക്തമാക്കി. ഒരു ഐഫോണിന്റെ വില 3500 ഡോളര്‍ (2,98,000 രൂപ) വരെയായി ഉയരാം.
അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ അവിടെത്തന്നെ ഉത്പാദിപ്പിക്കണമെന്ന് ആപ്പിള്‍ മേധാവി ടിം കുക്കിനുമേല്‍ ട്രംപ് ഭരണകൂടം സമ്മര്‍ദം തുടരുന്നതിനിടെയാണ് വിലയിരുത്തല്‍. നിലവില്‍ ഐഫോണ്‍ അമേരിക്കയില്‍ ഉത്പാദിപ്പിക്കുന്നില്ല. ചൈനയില്‍നിന്നും ഭാരതത്തില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. അമേരിക്കയില്‍ പുതുതായി ഉത്പാദനം തുടങ്ങണമെങ്കില്‍ ആദ്യം വിതരണ ശൃംഖല സ്ഥാപിച്ചെടുക്കണം. മൂന്നു വര്‍ഷമെങ്കിലും ഇതിനു വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. പത്തു ശതമാനം ഉത്പാദനം അമേരിക്കയിലേക്കു മാറ്റുന്നതിന് ഏകദേശം 3,000 കോടി ഡോളര്‍ ചെലവുവരും.
സ്മാര്‍ട്ട്‌ഫോണ്‍ ഭാഗങ്ങളുടെ നിര്‍മാണവും അസംബ്ലിയും പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് ഏഷ്യയിലേക്ക് മാറിയത്. അമേരിക്കന്‍ കമ്പനികള്‍ പ്രധാനമായും സോഫ്റ്റ്‌വെയര്‍ വികസനത്തിലും ഉത്പന്നങ്ങളുടെ രൂപകല്‍പ്പനയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇവ ഉയര്‍ന്ന ലാഭവിഹിതം നേടുന്ന മേഖലകളാണ് എന്നതിനാല്‍ ആയിരുന്നു നീക്കം. ആപ്പിളിനെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളില്‍ ഒന്നാക്കാനും പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാവെന്ന നിലയില്‍ സ്ഥാനം ഉറപ്പിക്കാനും ഇതെല്ലാം സഹായിച്ചെന്നാണ് വിലയിരുത്തല്‍.
ഐഫോണുകളുടെ ചിപ്പുകള്‍ പ്രധാനമായും നിര്‍മിക്കുന്നത് തായ് വാനിലാണ്. സ്‌ക്രീന്‍ പാനലുകള്‍ ദക്ഷിണ കൊറിയന്‍ കമ്പനികളാണ് നല്‍കുന്നത്. ചൈനയ്‌ക്ക് പുറത്ത് ഉത്പാദനം വികസിപ്പിക്കാനും രാജ്യത്തിനെതിരായ ട്രംപിന്റെ താരിഫുകള്‍ ഒഴിവാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ 500 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ആപ്പിള്‍ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: