വാഷിങ്ടൺ : ദക്ഷിണേഷ്യയിൽ ഇപ്പോൾ വലിയ പ്രക്ഷുബ്ധതയുടെ സമയമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യ, പാകിസ്ഥാൻ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് യുഎസ് പ്രതിരോധ ഇന്റലിജൻസ് ഏജൻസി (ഡിഐഎ) ഒരു സുപ്രധാന റിപ്പോർട്ട് പുറത്തിറക്കി.
ഡിഐഎയുടെ പുതിയ വിലയിരുത്തൽ റിപ്പോർട്ടിൽ ഇന്ത്യ ചൈനയെ തങ്ങളുടെ പ്രാഥമിക എതിരാളിയായി കണക്കാക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. കൂടാതെ പാകിസ്ഥാനെ കൈകാര്യം ചെയ്യേണ്ടത് ഒരു സുരക്ഷാ പ്രശ്‌നമായിട്ടാണ് ഇന്ത്യ കാണുന്നതെന്നും റിപ്പോർട്ടിലുണ്ട്.
യുഎസ് പ്രതിരോധ ഇന്റലിജൻസ് ഏജൻസിയുടെ അഭിപ്രായത്തിൽ പാകിസ്ഥാൻ ഇന്ത്യയെ തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായി കണക്കാക്കുന്നു. ഇന്ത്യയെ നേരിടാൻ പാകിസ്ഥാൻ തന്ത്രപരമായ ആണവായുധങ്ങളും സൈനിക നവീകരണ ശ്രമങ്ങളും തുടരും.
അതേസമയം എൽഎസിയിൽ(ലൈൻ ഓഫ് ആക്ഷുൽ കൺട്രോൾ) ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ അതിവേഗം വർദ്ധിക്കാനും സാധ്യതയുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനും അതിന്റെ തീവ്രവാദികൾക്കുമെതിരെ ഇന്ത്യ സ്വീകരിച്ച നടപടിയെക്കുറിച്ചും ഡിഐഎ അതിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
പാകിസ്ഥാൻ തങ്ങളുടെ ആണവായുധ ശേഖരം നവീകരിക്കുകയാണെന്ന് ഡിഐഎ അവരുടെ റിപ്പോർട്ടിൽ പറഞ്ഞു. വിദേശ വിതരണക്കാരിൽ നിന്നും ഇടനിലക്കാരിൽ നിന്നും പാകിസ്ഥാൻ സാധനങ്ങൾ വാങ്ങുന്നു. ചൈനയിൽ നിന്ന് പാകിസ്ഥാൻ സാമ്പത്തികവും സൈനികവുമായ ഔദാര്യങ്ങളും സ്വീകരിച്ചിട്ടുണ്ട്.
പ്രധാനമായും പാക് സൈന്യം എല്ലാ വർഷവും ചൈനയുടെ പിഎൽഎയുമായി സംയുക്ത സൈനികാഭ്യാസങ്ങൾ നടത്താറുണ്ട്. ഇന്ത്യയുമായുള്ള സമീപകാല ഏറ്റുമുട്ടലിൽ പാകിസ്ഥാൻ എഫ് -17, ജെ -10 സി തുടങ്ങിയ ചൈനീസ് യുദ്ധവിമാനങ്ങളും പിഎൽ -15 മിസൈലുകളും ഉപയോഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: