തിരുവനന്തപുരം: അതിതീവ്ര മഴ മൂലം മലയോര മേഖലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത്, ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകാമെന്നതിനാല്‍, ഈ മേഖലകളിലുള്ളവര്‍ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാവണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍, അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. അപകടകരമായ മരങ്ങള്‍, ബോര്‍ഡുകള്‍, മതിലുകള്‍ എന്നിവ സുരക്ഷിതമാക്കാനും അധികൃതരെ വിവരമറിയിക്കാനും നിര്‍ദേശമുണ്ട്.
നദികള്‍ മുറിച്ചുകടക്കുക, കുളിക്കുക, മീന്‍പിടിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. അനാവശ്യ യാത്രകള്‍, പ്രത്യേകിച്ച് വെള്ളച്ചാട്ടങ്ങളിലേക്കും മലയോര മേഖലകളിലേക്കുമുള്ള വിനോദ സഞ്ചാരം, മഴ മുന്നറിയിപ്പ് മാറുന്നതുവരെ നിര്‍ത്തിവയ്‌ക്കണം. ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളിലും അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത വേണം. തീരപ്രദേശങ്ങളില്‍ കടലാക്രമണ സാധ്യതയുള്ളതിനാല്‍, മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കുകയും അപകട മേഖലകളില്‍ താമസിക്കുന്നവര്‍ മാറിത്താമസിക്കുകയും വേണം.
പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏത് അടിയന്തര സാഹചര്യത്തിലും അധികൃതരുമായി ബന്ധപ്പെടാന്‍ തയ്യാറാവണമെന്നും നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: