ന്യൂഡൽഹി: ഇന്ത്യ, ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ സമ്പദ് വ്യവസ്ഥയായി മാറിയെന്ന് നീതി ആയോഗ് സി.ഇ.ഒ ബി.വി.ആർ. സുബ്രഹ്മണ്യൻ പറഞ്ഞു. നീതി ആയോഗിന്റെ ഗവേണിങ് കൗൺസിൽ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യൻ.
നമ്മളാണ് ലോകത്തിലെ നാലാമത്തെ സമ്പദ് ശക്തി. ജപ്പാൻ നമ്മുടെ പിന്നിലായിരിക്കുകയാണ്. നാല് ട്രില്യൻ ഡോളറാണിപ്പോൾ നമ്മുടെ സമ്പത്തിന്റെ അടിത്തറ. ഇപ്പോൾ യു.എസ്, ചൈന, ജർമനി എന്നീ മൂന്ന് രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഈ നിലയിൽ പോവുകയാണെങ്കിൽ രണ്ടര, മൂന്ന് വർഷത്തിനകം ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും നീതി ആയോഗ് സി.ഇ.ഒ പറഞ്ഞു.
യുഎസ് തീരുവ കാരണം ലോകത്ത് സംഘർഷങ്ങൾ നിലനിൽക്കുന്ന സമയത്താണ് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയത്. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് പോലും ഇന്ത്യയുടെ വളർച്ചയെ തടയാൻ കഴിഞ്ഞില്ല, പാകിസ്ഥാനുമായുള്ള സംഘർഷം ഇന്ത്യൻ സാമ്പത്തിക വളർച്ചയെ ബാധിച്ചില്ല. വളരെക്കാലമായി ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായിരുന്നു ഇന്ത്യ, ഇപ്പോൾ ജപ്പാനെ പിന്നിലാക്കി.
ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയപ്പോൾ, മറുവശത്ത്, ഡൊണാൾഡ് ട്രംപ് താരിഫും പണപ്പെരുപ്പത്തിലെ തുടർച്ചയായ വർധനവും കാരണം ജപ്പാന്റെ സമ്പദ്‌വ്യവസ്ഥ ഇതിനകം തന്നെ ബുദ്ധിമുട്ടുകൾ നേരിടുന്നതായി അദ്ദേഹം പറഞ്ഞു.
2047ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്‌ട്രമാക്കി മാറ്റുന്നതിന് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഭാരത് മണ്ഡലത്തിൽ നീതി ആയോഗിന്റെ പത്താമത് ഭരണസമിതി യോഗത്തിൽ സംസാരിക്കവേ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക