Literature

പുസ്തക പരിചയം: മന്നത്തിന്റെ ആവനാഴി

ഭാരതത്തിലെ നവോത്ഥാന നായകരില്‍ മുന്‍നിരയിലുള്ള ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ജീവിതത്തെ ആധാരമാക്കി ഉണ്ണി കോയിക്കല്‍ രചിച്ച നോവലാണ് മന്നത്തിന്റെ ആവനാഴി. മന്നത്തിന്റെ ജീവിതയാത്രയെ ലളിതമായ ഭാഷയില്‍ വായനക്കാരിലേക്ക് എത്തിക്കുകയാണ് നോവലിസ്റ്റ്. ദാരിദ്ര്യം നിറഞ്ഞ ജീവിത പരിസരത്തുനിന്ന് ഹിന്ദു സമൂഹത്തിന്റെ, വിശിഷ്യാ നായര്‍ സമുദായത്തിന്റെ ഉന്നമനത്തിനായി മന്നം എപ്രകാരം ഉയിര്‍ത്തെഴുന്നേറ്റുവെന്ന് ഈ നോവല്‍ വരച്ചിടുന്നു. അദ്ധ്യാപകന്‍, അഭിഭാഷകന്‍ എന്നീ നിലകളില്‍ ശോഭിച്ച മന്നത്തിന്റെ ബാല്യം മുതല്‍ മരണം വരെയുള്ള കാലം ഈ നോവലില്‍ തെളിയുന്നു.

വിവാഹത്തിനും അടിയന്തരത്തിനും പുലവാലായ്മകള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും ഉത്സവം നടത്തിപ്പിനുമൊക്കെയായി വസ്തുവകകള്‍ ധൂര്‍ത്തടിച്ചും വിറ്റഴിച്ചും സ്വയം നാശത്തിലേക്ക് വഴുതിവീണ നായര്‍ സമുദായത്തിന് നേര്‍വഴികാട്ടിയ മന്നത്തിന്റെ ആദര്‍ശം ആര്‍എസ്എസ് ദര്‍ശനത്തില്‍ അധിഷ്ഠിതമായിരുന്നുവെന്ന് നോവലിസ്റ്റ് അടിവരയിടുന്നു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപനം, പ്രജാസഭയിലേക്ക് നായര്‍ സമുദായാംഗത്തെ നിര്‍ത്തി വിജയിപ്പിക്കല്‍, വൈക്കം സത്യഗ്രഹത്തിന്റെ വിജയത്തിനായി ഹൈന്ദവ ഐക്യം രൂപപ്പെടുത്തല്‍, ഹൈന്ദവ സമൂഹത്തിന്റെ ഉന്നമനത്തിനായി കഠിന പ്രയത്‌നത്തിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രൂപീകരിക്കല്‍, ഹൈന്ദവാചാര പരിഷ്‌കരണം തുടങ്ങി നിരവധി കര്‍മ്മ പദ്ധതികള്‍ മന്നത്ത് പത്മനാഭന്‍ വിജയകരമായി നടപ്പാക്കി.

ചൈന ഭാരതത്തെ ആക്രമിച്ച വേളയില്‍ ദേശീയ പ്രതിരോധ ഫണ്ടിലേക്ക് പാരിതോഷികമായി സുഹൃത്തുക്കള്‍ നല്കിയ സ്വര്‍ണം സംഭാവന ചെയ്തും പന്തളത്തെ പോളിടെക്‌നിക്കും, പാലക്കാട്ടെ എന്‍ജിനീയറിങ് കോളജും യുദ്ധോപകരണ നിര്‍മാണശാലകളാക്കി രൂപാന്തരപ്പെടുത്തുന്നതിനുള്ള സമ്മതം ഭാരത സര്‍ക്കാരിനെ അറിയിച്ചും ദേശസ്‌നേഹം പ്രകടിപ്പിച്ച മന്നം തികഞ്ഞ ദേശീയവാദിയായിരുന്നു എന്നതില്‍ തര്‍ക്കമില്ല.

ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാറും ദ്വിതീയ സര്‍സംഘ ചാലക് ഗുരുജി ഗോള്‍വല്‍ക്കറും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. മന്നത്തിന് രോഗം കലശലായ വേളയിലായിരുന്നു ഗുരുജിയുമായുള്ള സമാഗമം. അങ്ങ് എല്ലാ അര്‍ത്ഥത്തിലും പൂര്‍ണകാമനാണ് എന്നാണ് മന്നത്തിന്റെ ജീവിതത്തെ അടയാളപ്പെടുത്തിക്കൊണ്ട് ഗുരുജി പറഞ്ഞത്. ആരേയും കൂസാതെ സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി നിലകൊണ്ട മന്നത്ത് പത്മനാഭനെന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ ജീവിതം പറയുകയാണ് മന്നത്തിന്റെ ആവനാഴിയിലൂടെ ഉണ്ണി കോയിക്കല്‍.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക