കോട്ടയം: പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗത്തിന്റെ അവകാശ നിഷേധത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കണമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന സമിതി ആഹ്വാനം ചെയ്തു.
ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി ശശികല ടീച്ചര്‍ ശബ്ദമുയര്‍ത്തിയത് അവശ ജനവിഭാഗത്തിന് വേണ്ടിയാണ്. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടികളില്‍ അവരുടെ പരമ്പരാഗത കലാരൂപങ്ങളെ സംരക്ഷിക്കാനും പോഷിപ്പിക്കാനും ഭരണഘടനാപരമായി ബാധ്യതയുള്ള സര്‍ക്കാര്‍ ആ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് ശശികലടീച്ചര്‍ പാലക്കാട് ചൂണ്ടിക്കാട്ടിയത്.
പാവപ്പെട്ടവന്റെ നികുതിപ്പണം ഉപയോഗിച്ച് ലഹരി മാഫിയകളുടെ പരിപാടികള്‍ക്ക് ഒത്താശ ചെയ്യുന്നതും അത്തരം ആളുകള്‍ സര്‍ക്കാര്‍ അതിഥിയായി മാറുന്നതും കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ സ്ത്രീകള്‍ ശക്തമായി രംഗത്തു വരണമെന്ന് മഹിളാ ഐക്യവേദി ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ ലഹരി മാഫിയ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് താലൂക്ക് കേന്ദ്രങ്ങളില്‍ മഹിളാ സദസുകള്‍ സംഘടിപ്പിക്കാനും, ഓണക്കാലം മദ്യവിമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിക്കുവാനും കോട്ടയത്ത് ഹിന്ദു ഐക്യവേദി ജില്ലാ കാര്യാലയത്തില്‍ ചേര്‍ന്ന മഹിളാ ഐക്യവേദി സംസ്ഥാന സമിതി തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് ബിന്ദുമോഹന്‍ അധ്യക്ഷയായ യോഗത്തില്‍ സമൂഹത്തെ ബാധിക്കുന്ന ലഹരി വിഷയങ്ങള്‍, കുട്ടികളുടെ പീഡനം, സ്ത്രീകളോടുള്ള അതിക്രമം എന്നിവ ചര്‍ച്ച ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് രമണി ശങ്കര്‍, രക്ഷാധികാരി ദേവകി ടീച്ചര്‍, ഉഷാദേവി, ശോഭ സുന്ദരം, ഓമന മുരളി, ഗിരിജ പി.കെ, ദീപ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍, ജനറല്‍ സെക്രട്ടറി കെ. ഷൈനു, സംഘടനാ സെക്രട്ടറി സി. ബാബു എന്നിവര്‍ ഭാവി പ്രവര്‍ത്തനത്തിനു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: