Kerala

ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടത് ഭക്തര്‍, ദേവസ്വം ബോര്‍ഡുകളല്ല: ഗവര്‍ണര്‍

Published by

തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടത് ഭക്തരാണെന്നും ദേവസ്വം ബോര്‍ഡുകളല്ലെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ക്ഷേത്ര ഭരണം ഭക്തരിലേക്കു തിരികെ ലഭിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ 59-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വയംഭൂവായ, ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ഷേത്രങ്ങള്‍ക്കു സംരക്ഷണമൊരുക്കേണ്ടി വരുന്നത് എന്തുകൊണ്ടെന്നു നാം ചിന്തിക്കണം. ഭാരതത്തിലേക്ക് വൈദേശിക ശക്തികള്‍ കടന്നുവന്നത് ഭരണലക്ഷ്യത്തോടെ മാത്രമായിരുന്നില്ല, നമ്മുടെ സംസ്‌കാരത്തെയും ചിന്തകളെയും നശിപ്പിക്കുകയെന്ന ഗൂഢലക്ഷ്യവുമുണ്ടായിരുന്നു. അതുകൊണ്ടാണ് നമ്മുടെ സാംസ്‌കാരിക വിനിമയ കേന്ദ്രങ്ങളായ ക്ഷേത്രങ്ങള്‍ അവര്‍ ആക്രമിച്ചതും ആരാധനാമൂര്‍ത്തികളെ നശിപ്പിച്ചതും മതംമാറ്റം നടത്തിയതും. അത് ഇന്നും രാജ്യത്താകമാനം തുടരുന്നു.

ഭാരതം ഒരു രാജ്യത്തെയും ആക്രമിക്കുകയോ അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുകയോ ചെയ്തിട്ടില്ലെന്നതിന് ആയിരക്കണക്കിനു വര്‍ഷത്തെ ചരിത്രം സാക്ഷിയാണ്. അതിനു കാരണം ഭാരതം ധര്‍മപാതയിലുള്ള രാജ്യമാണെന്നതാണ്. യതോ ധര്‍മ സ്തതോ ജയഃ എന്നാണ് സുപ്രീംകോടതിയുടെ ആപ്തവാക്യം. മഹാഭാരത യുദ്ധത്തില്‍ നിരായുധനായ കര്‍ണനെ വധിക്കാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോടു നിര്‍ദേശിച്ചത് കര്‍ണന്‍ അധര്‍മം പ്രവര്‍ത്തിച്ചതുകൊണ്ടാണ്. ആരെങ്കിലും അധര്‍മവുമായി നമുക്കു നേരേ വന്നാല്‍ ധര്‍മം പു
നഃസ്ഥാപിക്കുകയെന്നത് നമ്മുടെ കര്‍മമാണ്. ഓപ്പറേഷന്‍ സിന്ദൂറില്‍ നടന്നതും അതാണ്. നാം ആ കര്‍മം തുടരേണ്ട അനിവാര്യമായ കാലമാണിത്.

ക്ഷേത്രങ്ങള്‍ ആരാധനാലയങ്ങള്‍ മാത്രമല്ല, സാംസ്‌കാരിക പഠന കേന്ദ്രങ്ങളും കൂടിയാണ്. അതുകൊണ്ട് നമ്മുടെ ആരാധനാലയങ്ങളോടും മഠങ്ങളോടും ചേര്‍ന്നു ഗോശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും സ്ഥാപിക്കണമെന്ന് പറയുന്നത്. ഇതിലൂടെ മനുഷ്യരുടെയും പരിസ്ഥിതിയുടെയും എല്ലാ മേഖലയെയും സ്പര്‍ശിക്കാന്‍ കഴിയണം, അദ്ദേഹം തുടര്‍ന്നു. പൂര്‍ണകുംഭം നല്കിയാണ് ഗവര്‍ണറെ സമ്മേളനത്തിലേക്ക് സ്വീകരിച്ചത്. സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. ടി.പി. സെന്‍കുമാര്‍ അധ്യക്ഷനായി. ഭക്തരുടെ ക്ഷയങ്ങളില്ലാതാക്കുന്ന ക്ഷേത്രങ്ങള്‍ക്കു സംരക്ഷണമൊരുക്കേണ്ട അവസ്ഥയാണെന്നും സര്‍ക്കാരിന്റെ കൈകടത്തലുകള്‍ ക്ഷേത്രങ്ങളില്‍ വ്യാപകമാണെന്നും സെന്‍കുമാര്‍ പറഞ്ഞു. ക്ഷേത്രങ്ങളില്‍ വിപ്ലവ ഗാനങ്ങളും വിപ്ലവ നേതാക്കളുടെ ചിത്രങ്ങളും ഇടംപിടിക്കുകയാണ്. വരുംതലമുറയെ സനാതന ധര്‍മം പഠിപ്പിക്കുന്ന അധ്യാത്മിക ബൗദ്ധിക കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ് . നാരായണന്‍, ഉപാധ്യക്ഷന്‍ ജി.കെ. സുരേഷ് ബാബു, മാതൃസമിതി സംസ്ഥാന അധ്യക്ഷ കുസുമം രാമചന്ദ്രന്‍ എന്നിവരും പ്രസംഗിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക