ദേശീയപാതയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളില്‍ മരാമത്ത് വകുപ്പുകളോ റോഡ് നിര്‍മാണ വിഭാഗങ്ങളോ ചെയ്യുന്ന പ്രവൃത്തികള്‍ കൃത്യമായി നിരീക്ഷിക്കാന്‍ കര്‍ശന നിരീക്ഷണം അത്യാവശ്യമാണ്. ഇതു സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിര്‍ദ്ദേശം നല്‍കി എന്ന വാര്‍ത്ത സ്വാഗതാര്‍ഹമാണ്. സംസ്ഥാന മരാമത്ത് വകുപ്പുകളും റോഡ് നിര്‍മാണ വിഭാഗങ്ങളും ചെയ്ത പ്രവൃത്തികളില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന വിപുലമാക്കാന്‍ നിര്‍ദേശിച്ചതെന്നാണറവ്. ടെന്‍ഡര്‍ നടപടികളിലും കോടതികള്‍, ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ എന്നിവിടങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെയും ഗതാഗത മന്ത്രാലയത്തിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലാവണം റീജനല്‍ ഓഫിസുകള്‍ ഇടപെടുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ദേശീയപാതാ അതോറിറ്റി എംപാനല്‍ ചെയ്ത നിയമസ്ഥാപനങ്ങളുടെ സഹായം റീജനല്‍ ഓഫിസുകള്‍ക്കു തേടാം. കേരളത്തില്‍ ദേശീയപാത നിര്‍മാണത്തിലുണ്ടായ അപാകതകളും അതുമൂലം പാതയ്‌ക്കുണ്ടായ കേടുപാടുകളും ശ്രദ്ധയില്‍പ്പെട്ട ഉടന്‍ കേന്ദ്രം നടത്തിയ അടിയന്തര ഇടപെടലുകളും കര്‍ശന നടപടികളും സ്വാഗതാര്‍ഹം തന്നെ. പാത പണിയുന്ന അതേ വേഗതയില്‍ത്തന്നെയാണ് പ്രശ്നങ്ങള്‍ക്കു നേരേയും കേന്ദ്രം ഇടപെട്ടത്.
മലപ്പുറത്തും കണ്ണൂരിലും കാസര്‍കോടും ദേശീയപാത ഇടിയുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് കേന്ദ്ര നിര്‍ദ്ദേശം. ദേശീയപാത ഇടിയുന്നതില്‍ വിവിധ പ്രദേശങ്ങളില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. കുപ്പത്ത് നിര്‍മാണ മേഖലയില്‍ മണ്ണിടിയുന്നതിലും മണ്ണും ചെളിവെള്ളവും വീടുകളിലേക്ക് ഒഴുകിയെത്തുന്നതിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധിച്ചത്. കേരളത്തില്‍ ദേശീയപാത നിര്‍മിച്ചതിലെ വീഴ്ചകള്‍ പരിശോധിക്കാന്‍ കേന്ദ്രം മൂന്നംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. ഐഐടി പ്രഫസര്‍ കെ.ആര്‍.റാവുവിന്റെ നേതൃത്വത്തിലാണ് സമിതി. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. ദേശീയപാതയില്‍ മൂന്നു ജില്ലകളില്‍ വിള്ളലും മണ്ണിടിച്ചിലും ഉണ്ടായതോടെയാണ് സമിതിയെ നിയോഗിച്ചത്. പാത തകര്‍ന്ന പ്രദേശങ്ങള്‍ സംഘം പരിശോധിക്കും. നിര്‍മാണത്തില്‍ അപാകതവന്നോ, ഉദ്യോഗസ്ഥ വീഴ്ചയുണ്ടായോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടികളിലേക്ക് കടക്കും. ദേശീയപാത 66ല്‍ നിര്‍മാണം അവസാനഘട്ടത്തിലെത്തിയ മലപ്പുറം കൂരിയാട് ഭാഗത്താണ് 250 മീറ്ററോളം റോഡും സര്‍വീസ് റോഡും ഇടിഞ്ഞത്. കൂരിയാട്ടുനിന്ന് 3 കിലോമീറ്റര്‍ അകലെ എടരിക്കോട് മമ്മാലിപ്പടിയിലെ പാലത്തിലും തൃശൂര്‍ ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിനു മുന്നിലെ മേല്‍പാലത്തിലും വിള്ളല്‍ കണ്ടെത്തി.
കൂരിയാട് ദേശീയപാത ഇടിഞ്ഞതില്‍ കടുത്ത നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണല്ലോ. കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ വിലക്കി. ഹൈവേ എന്‍ജിനീയറിങ് കമ്പനിക്കും വിലക്ക് ഏര്‍പ്പെടുത്തി. ഇരു കമ്പനികള്‍ക്കും തുടര്‍ കരാറുകളില്‍ പങ്കെടുക്കാനാകില്ല. പ്രൊജക്ട് മാനേജര്‍ എം.അമര്‍നാഥ് റെഡ്ഡിയെ പുറത്താക്കി. ടീം ലീഡര്‍ ഓഫ് കണ്‍സള്‍ട്ടന്റ് രാജ് കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തു. കൂരിയാട് ദേശീയപാത 66ല്‍ നിര്‍മാണത്തിലിരുന്ന ഭാഗം സര്‍വ്വീസ് റോഡിലേക്ക് തിങ്കളാഴ്ചയാണ് ഇടിഞ്ഞുവീണത്. പിന്നീട് പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ നിര്‍മാണത്തിലെ അപാകത കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്ക് എത്തിയത്.
ദേശീയപാത ഇടിഞ്ഞുതാണതില്‍ നടപടിയെടുക്കുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞിരുന്നു. നിര്‍മാണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും പറഞ്ഞു. കോണ്‍ട്രാക്ടറുടെ പിഴവുകള്‍ മൂലം നഷ്ടം സംഭവിച്ചാല്‍ നിര്‍മാണ കമ്പനിയില്‍നിന്നു നഷ്ടപരിഹാരം പിരിച്ചെടുക്കാം. അതിനാല്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമില്ല. കേരളത്തിലെ ദേശീയപാത നിര്‍മാണ ജോലികള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയിട്ടുമുണ്ട്. കേരളത്തില്‍ ദേശീയപാത നിര്‍മാണം അതിവേഗം പുരോഗമിക്കുമ്പോള്‍ അത് തങ്ങളുടെ മിടുക്ക് എന്ന മട്ടില്‍ വീമ്പടിച്ചുകൊണ്ടിരുന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പെട്ടെന്ന് ചുവടു മാറ്റിയത് ശ്രദ്ധിക്കപ്പെട്ടു. മുമ്മൂന്ന് മാസം അവലോകനം ചെയ്യാറുണ്ടെന്ന പൊങ്ങച്ചവും പൊളിയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക