World

ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവിൽ നാശം വിതച്ച് റഷ്യൻ ഡ്രോണുകളും മിസൈലുകളും : ജനം അഭയം തേടിയത് മെട്രോ സ്റ്റേഷനുകളിൽ

റഷ്യൻ ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ നഗരത്തിലെ കുറഞ്ഞത് നാല് പ്രദേശങ്ങളിലെങ്കിലും പതിച്ചതായി കീവ് സൈനിക ഭരണകൂടത്തിന്റെ ആക്ടിംഗ് മേധാവി തിമൂർ തകച്ചെങ്കോ ടെലിഗ്രാമിൽ പറഞ്ഞു

Published by

കീവ് : യുക്രൈൻ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വൻ ആക്രമണം നടത്തി റഷ്യ. വെള്ളിയാഴ്ച രാത്രി വൈകിയാണ് റഷ്യ കനത്ത ആക്രമണം നടത്തിയത്.

നഗരത്തിലെ പല സ്ഥലങ്ങളിലും സ്ഫോടന ശബ്ദങ്ങളും മെഷീൻ ഗൺ വെടിയൊച്ചകൾ പ്രതിധ്വനിച്ചു. ആക്രമണത്തിൽ ഭയന്ന കീവിലെ നിരവധി ആളുകൾ ജീവൻ രക്ഷിക്കാൻ മെട്രോ സ്റ്റേഷനുകളിൽ അഭയം തേടേണ്ടിവന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റഷ്യൻ ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ നഗരത്തിലെ കുറഞ്ഞത് നാല് പ്രദേശങ്ങളിലെങ്കിലും പതിച്ചതായി കീവ് സൈനിക ഭരണകൂടത്തിന്റെ ആക്ടിംഗ് മേധാവി തിമൂർ തകച്ചെങ്കോ ടെലിഗ്രാമിൽ പറഞ്ഞു. ഈ ആക്രമണത്തിൽ 6 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സോളോമിയാൻസ്‌കി ജില്ലയിലെ രണ്ടിടങ്ങളിലും തീപിടുത്തമുണ്ടായി. 20-ലധികം റഷ്യൻ ഡ്രോണുകൾ കീവിനെ ലക്ഷ്യമാക്കി വരുന്നുണ്ടെന്ന് ആക്രമണത്തിന് മുമ്പ് കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേ സമയം 2022 ഫെബ്രുവരി 24 ന് റഷ്യ ഉക്രെയ്‌നിനെതിരെ ഒരു വലിയ സൈനിക ആക്രമണം നടത്തിയതോടെയാണ് റഷ്യയും ഉക്രെയ്‌ൻ യുദ്ധം പൊട്ടിപുറപ്പെട്ടത്. അന്നുമുതൽ ഇന്നുവരെ ഇരു രാജ്യങ്ങൾക്കും വലിയ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. യുക്രൈനിൽ സാധാരണക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു.

പല ഉക്രേനിയൻ നഗരങ്ങളും, പ്രത്യേകിച്ച് ഖാർകിവ്, മരിയുപോൾ, ഇപ്പോൾ കീവ് എന്നിവ റഷ്യൻ ആക്രമണങ്ങൾക്ക് ആവർത്തിച്ച് ഇരയായിട്ടുണ്ട്. കെട്ടിടങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും തകർന്നു. ദശലക്ഷക്കണക്കിന് ഉക്രേനിയൻ പൗരന്മാരാണ് ഇതിനോടകം രാജ്യം വിട്ട് അഭയാർത്ഥികളായി മാറിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക