തിരുവനന്തപുരം : നാടിനെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പൊലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസില്‍ 450 പേജുള്ള കുറ്റപത്രമാണ് പാങ്ങോട് സിഐ ജിനേഷ് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടില്‍ സമര്‍പ്പിച്ചത്.
പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി 89-ാം ദിവസമാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ 120 സാക്ഷികളെയും 40 തൊണ്ടിമുതലുകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതകള്‍ക്ക് പിന്നാലെ പിതൃമാതാവായ സല്‍മാബീവിയോട് അഫാന് വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കടവും അഫാന് കടം നല്‍കിയവര്‍ പണം തിരികെ ചോദിച്ചതിലുള്ള ദേഷ്യവുമാണ് കൊലപാതകത്തിന് കാരണമായത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആകെ 48 ലക്ഷം രൂപയോളം കടമാണ് അഫാനും കുടുംബത്തിനും ഉണ്ടായിരുന്നത്. ബന്ധുക്കളുള്‍പ്പെടെ 15 പേരില്‍ നിന്നായി 16 ലക്ഷം രൂപയാണ് കടം വാങ്ങിയിരുന്നത്.ഇതിന് പുറമെ 17 ലക്ഷം രൂപയുടെ ഭവന വായ്പ, മൂന്ന് ലക്ഷം രൂപയുടെ വ്യക്തിഗത വായ്പ, ഒന്നര ലക്ഷം രൂപയുടെ വാഹന വായ്പ, 10 ലക്ഷം രൂപയുടെ പണയം എന്നിങ്ങിനെയായിരുന്നു കടം. കടം വീട്ടാന്‍ സഹായിക്കാതിരുന്നതും അമ്മയെയും തന്നെയും കുറ്റപ്പെടുത്തിയതും പരിഹസിച്ചതുമാണ് പിതൃമാതാവായ സല്‍മാബീവിയെ കൊലപ്പെടുത്താനുള്ള കാരണം.
പിതൃസഹോദരന്‍ ലത്തീഫ്,ഭാര്യ ഷാഹിദ എന്നിവരുടെ ജീവനെടുത്തതും
സല്‍മ ബീവിയെ കൊലപ്പെടുത്തിയ അതെ വൈരാഗ്യം മൂലമാണ്. കാമുകി ഫര്‍സാനയെ കൊന്നത് പണയം വെച്ച നാലരപവന്‍ സ്വര്‍ണം തിരികെ ചോദിച്ചതിലെ ദേഷ്യം മൂലമാണ്.കൂട്ട ആത്മഹത്യയുടെ ഭാഗമായാണ് സഹോദരനെ കൊലപ്പെടുത്തിയതും അമ്മയെ ആക്രമിച്ചതെന്നും പൊലീസ് ഉറപ്പിക്കുന്നു. ഈ കേസുകളില്‍ വെഞ്ഞാറമ്മൂട് പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: