ലക്നൗ : പാകിസ്ഥാൻ ചാരൻ മുഹമ്മദ് തുഫൈലിനെ അറസ്റ്റ് ചെയ്ത് എടിഎസ് . ജയ്ത്പുര പോലീസ് സ്റ്റേഷൻ പരിധിയിലെ ദോഷിപുര പ്രദേശത്ത് നിന്നാണ് വാരണാസി എടിഎസ് സംഘം മുഹമ്മദ് തുഫൈലിനെ അറസ്റ്റ് ചെയ്തത്.
പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യ നഫീസയുമായി തുഫൈൽ നിരവധി മാസങ്ങളായി ഫേസ്ബുക്ക് വഴി പ്രധാനപ്പെട്ട വിവരങ്ങൾ പങ്കുവെച്ചിരുന്നു. ഇതുകൂടാതെ, നിരോധിത ഭീകര സംഘടനയായ ‘തെഹ്‌രീക്-ഇ-ലബ്ബൈക്കിന്റെ’ നേതാവ് മൗലാന ഷാദ് റിസ്‌വിയുമൊത്തുള്ള വീഡിയോകൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി അയാൾ പങ്കിടാറുണ്ടായിരുന്നു. 600-ലധികം പാകിസ്ഥാൻ നമ്പരിൽ മുഹമ്മദ് തുഫൈൽ ബന്ധപ്പെട്ടിരുന്നു. ഇയാളുടെ മൊബൈലിൽ നിന്ന് ഈ നമ്പറുകളും കണ്ടെത്തിയിട്ടുണ്ട്.
‘ഗസ്വാ-ഇ-ഹിന്ദ്’ നടപ്പിലാക്കുന്നതിനെക്കുറിച്ചും, ബാബറി മസ്ജിദിനു വേണ്ടി പ്രതികാരം ചെയ്യുന്നതിനെക്കുറിച്ചും, ഇന്ത്യയിൽ ശരിയത്ത് നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ചും തുഫൈൽ സന്ദേശങ്ങൾ അയയ്‌ക്കാറുണ്ടായിരുന്നു . ഇന്ത്യയിലെയും വാരണാസിയിലെയും നിരവധി പ്രധാന സ്ഥലങ്ങളുടെ ഫോട്ടോകളും അവയുമായി ബന്ധപ്പെട്ട വിവരങ്ങളും പാകിസ്ഥാനിലേക്ക് അയച്ചു. രാജ്ഘട്ട്, നമോ ഘട്ട്, ജ്ഞാനവാപി, കാശിയിലെ റെയിൽവേ സ്റ്റേഷൻ, ഡൽഹിയിലെ ചെങ്കോട്ട, ജുമാമസ്ജിദ്, നിസാമുദ്ദീൻ ഔലിയ എന്നിവയുടെ ചിത്രങ്ങൾ പാകിസ്ഥാൻ നമ്പറുകളിലും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യപ്പെട്ടു.
പാകിസ്ഥാന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ലിങ്ക് തുഫൈൽ നിരവധി ആളുകൾക്ക് അയച്ചുകൊടുക്കുകയും അവരുടെ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു. നിരവധി മുസ്ലീം യുവാക്കളെ ഇതിൽ ഉൾപ്പെടുത്താൻ തയ്യാറെടുക്കുകയായിരുന്നു. തുഫൈലുമായി ബന്ധപ്പെട്ട മറ്റുള്ളവരെയും രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: