India

അജിത് ഡോവൽ മോസ്കോയിലേക്ക് ; പാകിസ്ഥാനെ തറ പറ്റിച്ച എസ് 400 രണ്ടെണ്ണം കൂടി ഉടൻ എത്തും ; ചങ്കിടിപ്പോടെ പാക് സൈന്യം

Published by

ന്യൂഡൽഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോയിലേക്ക്. റഷ്യയിൽനിന്ന് ഇന്ത്യ വാങ്ങുന്ന എസ് 400 വ്യോമപ്രതിരോധ സംവിധാനത്തിന്റെ കൈമാറ്റം വേഗത്തിലാക്കുകയാണ് യാത്രാലക്ഷ്യം.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താൻ ഇന്ത്യയിലേക്ക് നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഫലപ്രദമായി ചെറുക്കാൻ എസ് 400 പ്രതിരോധ സംവിധാനം ഏറെ സഹായകരമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കരാറൊപ്പിട്ടിരിക്കുന്ന വ്യോമപ്രതിരോധ സംവിധാനം വേഗത്തിൽ തന്നെ രാജ്യത്തിന് കൈമാറണമെന്ന് ഇന്ത്യ റഷ്യയോട് ആവശ്യപ്പെടുക.

മോസ്കോ സന്ദർശന വേളയിൽ റഷ്യയുടെ സുരക്ഷാ കൗൺസിൽ സെക്രട്ടറി സെർജി ഷൊയിഗുവിന്റെ അധ്യക്ഷതയിൽ മേയ് 27 മുതൽ 29 വരെ നടക്കുന്ന സുരക്ഷാ വിഷയങ്ങളിലെ 13-ാമത് അന്താരാഷ്‌ട്ര യോഗത്തിൽ ഡോവൽ പങ്കെടുക്കും. രണ്ട് എസ് 400 വ്യോമപ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യയ്‌ക്ക് കൈമാറാൻ ബാക്കിയുള്ളത്. ഇത് എത്രയും വേഗം കെെമാറണമെന്നായിരിക്കും അദ്ദേഹം ആവശ്യപ്പെടുക.

5.4 ബില്യൺ ഡോളറിന്‌(ഏകദേശം 35,000 കോടി രൂപ) 2018-ലാണ് എസ് 400 ട്രയംഫ് വ്യോമ പ്രതിരോധ സിസ്റ്റം യൂണിറ്റുകൾ റഷ്യയിൽനിന്ന് ഇന്ത്യ വാങ്ങിയത്. മൂന്നെണ്ണം ഇതിനകം തന്നെ രാജ്യത്തെത്തിച്ചു. രണ്ടെണ്ണമാണ് ഇനി ബാക്കിയുള്ളത്. 2025-ൽ നാലാമത്തെ സ്ക്വാഡ്രൺ എത്തുമെന്നാണ് പ്രതീക്ഷ. റഷ്യ -യുക്രൈൻ യുദ്ധവും ലോജിസ്റ്റിക്സ് വെല്ലുവിളികളും കാരണം അഞ്ചാമത്തെ സ്ക്വാഡ്രൺ 2026-ലേ ലഭിക്കൂ എന്നാണ് വിവരം.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം 300-ലധികം പാക് ഡ്രോണുകൾ എസ് 400 ഉപയോഗിച്ച് ഇന്ത്യ വെടിവെച്ചിട്ടിരുന്നു. ഇതോടെയാണ് ഈ സംവിധാനത്തിന്റെ മികവ് വ്യക്തമായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക