ശ്രീനഗര്‍: ആകാശച്ചുഴിയിൽപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാൻ. പാക്കിസ്ഥാന്‍ അനുമതി നിഷേധിച്ചതോടെയാണ് അപകടകരമായ ലാന്‍ഡിംഗിന് പൈലറ്റ് തയാറായത്. ദല്‍ഹി-ശ്രീനഗര്‍ ഇന്‍ഡിഗോ വിമാനം അമൃത്സറിലെത്തിയപ്പോഴാണ് ആകാശച്ചുഴിയില്‍ അകപ്പെട്ടത്.
വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതോടെ അപകടം ഒഴിവാക്കാന്‍ പൈലറ്റ് പാക്കിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി തേടുകയായിരുന്നു. എന്നാല്‍ പൈലറ്റിന്റെ അഭ്യര്‍ത്ഥന ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിരസിച്ചു. ആകാശച്ചുഴിയില്‍ പെട്ട വിമാനത്തിന് കേടുപാടുകളുണ്ടായിരുന്നു. ഇതോടെയാണ് പൈലറ്റ് വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ ലാഹോര്‍ എടിസിയുമായി ബന്ധപ്പെട്ടത്.
പാക്കിസ്ഥാന്‍ അനുമതി നിഷേധിച്ചതോടെ പൈലറ്റ് ലാന്‍ഡിംഗിന് ശ്രമിച്ചു. വിമാനം സുരക്ഷിതമായി ശ്രീനഗര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. യാത്രക്കാരും ക്രൂവും സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അറിയിച്ചിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുണ്ടായി. വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക