തിരുവനന്തപുരം :പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് യുവതിയെ 20 മണിക്കൂറോളം കസ്റ്റഡിയില്‍ മാനസികമായി പീഡിപ്പിച്ച സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരന്‍ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിച്ചത്.
ബിന്ദു ജോലി ചെയ്തുവന്ന വീടിന്റെ ഉടമ പേരൂര്‍ക്കട സ്വദേശി ഓമന ഡാനിയേല്‍ നല്‍കിയ സ്വര്‍ണ മോഷണ പരാതിയുടെ സാഹചര്യവും സ്റ്റേഷനിലുണ്ടായ സംഭവങ്ങളുമാണ് അന്വേഷണ പരിധിയില്‍ വരുന്നത്. സംഭവം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ട പ്രകാരം സിറ്റി പൊലീസ് കമ്മീഷണര്‍ റേഞ്ച് ഐജിക്ക് ശുപാര്‍ശ നല്‍കി. പിന്നാലെയാണ് ഉത്തരവിറങ്ങിയത്.
നേരത്തെ സ്പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്ഐ എസ് ജി പ്രസാദിനെയും കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ട് പ്രകാരം എഎസ്ഐ പ്രസന്നനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ബിന്ദുവിനെ കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്ഐ പ്രസന്നന്‍ ആണെന്നാണ് കന്റോണ്‍ന്മന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലുള്ളത്.അന്ന് ജി ഡി ചാര്‍ജ് മാത്രം ഉണ്ടായിരുന്ന പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്.
ബിന്ദുവിന്റെ ഭര്‍ത്താവിനെയും മക്കളെയും പ്രതികള്‍ ആക്കുമെന്ന് പ്രസന്നന്‍ ഭീഷണിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. വൈകിട്ട് ആറിനും രാവിലെ ആറിനും ഇടയില്‍ സ്ത്രീകളെ കസ്റ്റഡിയില്‍ വെക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ എസ്ഐ എസ്ജി പ്രസാദ് ഗുരുതര നിയമ ലംഘനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: