തിരുവനന്തപുരം: സംസ്ഥാനം കടക്കെണിയിലെന്നത് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപമാണെന്നും സംസ്ഥാനത്തിന്റെ കടഭാരം കുറയുകയാണെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. വസ്തുതകള്‍ മറച്ചുവച്ചാണ് കേരളത്തില്‍ കടപ്പേടി പരത്താന്‍ നോക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ശനിയാഴ്ച മുതല്‍ വിതരണം ചെയ്യും. ഇതിനായി 1650 കോടി രൂപ അനുവദിച്ചു. മെയ് മാസത്തെ പെന്‍ഷനൊപ്പം ഒരു ഗഡു കുടിശിക കൂടിയാണ് വിതരണം ചെയ്യുന്നത്. ഒരോരുത്തര്‍ക്കും 3,200 രുപ വീതം ലഭിക്കും. അഞ്ചു ഗഡുവാണ് കുടിശിക ഉണ്ടായിരുന്നത്. അതില്‍ രണ്ടു ഗഡു മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സമ്പദ്ഘടനയുടെ വളര്‍ച്ചയ്‌ക്ക് ആനുപാതികമായ കടം മാത്രമാണ് കേരളം എടുക്കുന്നത്. പാര്‍ലമെന്റും സംസ്ഥാന നിയമസഭയും അംഗീകരിച്ച ധന ഉത്തരവാദിത്ത നിയമത്തിനുള്ളില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയും റിസര്‍വ് ബാങ്ക് നിബന്ധനകള്‍ പാലിച്ചും മാത്രമാണ് സംസ്ഥാനത്തിന് വായ്പ എടുക്കാനാകുക.
2016-21 കാലത്ത് പ്രളയം, കോവിഡ് തുടങ്ങി ദുരന്തങ്ങളുടെ സാഹചര്യത്തില്‍ വളര്‍ച്ച നിരക്ക് 6.8 ശതമാനമായി കുറഞ്ഞു. കടത്തിന്റെ വളര്‍ച്ചാ നിരക്ക് 13.5 ശതമാനമായി. വരുമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ വായ്പ എടുക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലായിരുന്നു.
സംസ്ഥാനത്തിന് ഇക്കാലയളവില്‍ അധിക വായ്പകള്‍ എടുക്കുന്നതിന് അനുമതി നിഷേധിച്ചത് വായ്പാ ബാധ്യതയുടെ വളര്‍ച്ച കുറയുന്നതിന് കാരണമായെന്ന് മന്ത്രി സമ്മതിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ നിക്ഷേപത്തിനും വായ്പയ്‌ക്കും ഗ്യാരന്റി നില്‍ക്കുന്നതിനാല്‍ ഈ വര്‍ഷം സംസ്ഥാന സര്‍ക്കാരിന് വായ്പയെടുക്കാവുന്ന തുകയില്‍നിന്ന് 3300 കോടി രൂപ കുറച്ചു. 80,000 കോടി രൂപയ്‌ക്കാണ് സംസ്ഥാനം ഗ്യാരന്റി നില്‍ക്കുന്നത്. ഇതിന്റെ അഞ്ചു ശതമാനം ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ടായി മാറ്റിവയ്‌ക്കണമെന്നാണ് നിബന്ധന.
പബ്ലിക് അക്കൗണ്ടിലെ നീക്കിയിരിപ്പ്, കിഫ്ബിയുടെയും ക്ഷേമ പെന്‍ഷന്‍ കമ്പനിയുടെയും വായ്പ എന്നിവയുടെ പേരില്‍ സംസ്ഥാനത്തിന്റെ കടമെടുക്കലില്‍ കുറവുവരുത്തി. കിഫ്ബി മുന്‍കാലങ്ങളില്‍ എടുത്ത വായ്പകളുടെ പേരിലും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ വായ്പാനുമതിയില്‍ കുറവ് വരുത്തിയിരുന്നു. ഐജിഎസ്ടി വിഹിതത്തില്‍നിന്ന് 956.16 കോടി രൂപകൂടി വെട്ടിക്കുറച്ചത് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ തുക കൂടിപോയതിനാലാണെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: